Skip to main content

പാർക്കിംഗ് സ്ഥലത്തെ സൂപ്പർ നിമിഷങ്ങൾ

Two people sharing words

തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ. രാവിലെ കാർ പാർക്ക് ചെയ്തിട്ട് യാത്ര പോകാനെത്തിയ ആൾ. പാർക്കിംഗ് ഫീസ് മേടിക്കാൻ അമ്പതുകളുടെ മധ്യത്തിലെത്തിയ സ്ത്രീ. യാത്രക്കാരൻ്റെ പാർക്കിംഗ് അൽപ്പം കൂടി ശരിയാകാനുണ്ട്. അല്ലെങ്കിൽ വശത്തുള്ള കാറിൻ്റെ ഡോറു തുറക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ടാകും. കാറുകാരൻ എന്തോ തെറ്റു ചെയ്തതു പോലെയാണ് സ്ത്രീ അദ്ദേഹത്തോട് പാർക്കിംഗ് നേരേയാക്കാൻ ആവശ്യപ്പെട്ടത്. ശരിയാണ് പാർക്കിംഗ് സ്ഥലങ്ങളിൽ നിയന്ത്രിക്കുന്നവർ ചിലപ്പോൾ ആധികാരികതയോടെ സംസാരിക്കാറുണ്ട്. ഈ സ്ത്രീയുടെ നിർദ്ദേശത്തിലും ആ ആധികാരികതയും ചെറുശാസനയും ഉണ്ടായിരുന്നു. എന്നാൽ കാറുകാരൻ നിർദ്ദേശം കേട്ടപ്പോൾ ആ സ്ത്രീക്ക് സ്നേഹപൂർവ്വമായ ഒരു ചിരി സമ്മാനിച്ച്, ' പിന്നെന്താ ശരിയാക്കാമല്ലോ ' എന്ന ഭാവത്തിൽ കാർ മുന്നോട്ടെടുത്തു. ഉടൻ തന്നെ സ്ത്രീ ഉഷാറോടെ അയാൾക്ക് റിവേഴ്സിൽ പോകാൻ നിർദ്ദേശം നൽകി. അതും സ്വീകരിച്ചു കൊണ്ട് അയാൾ കാർ സൗകര്യപ്രദം പാർക്ക് ചെയ്തു . " സൂപ്പർ ". സ്ത്രീയുടെ പ്രതികരണം. രണ്ടാളും കൂടി ഒരു പ്രവൃത്തി ചെയ്തപോലെ. പുറത്തിറങ്ങിയപ്പോൾ സ്ത്രീയുടെ മുഖത്ത് നേരത്തേ കണ്ട കുറ്റിരിട്ടില്ല. പകരം നല്ല ശക്തിയുള്ള എൽ ഇ ഡി ലൈറ്റിൻ്റെ പ്രകാശം. അവർ മെഷീനിൽ രസീതടിക്കുന്നതിനിടയിൽ സ്നേഹ കുശലം പോലെ പറഞ്ഞു, " സാറേ ചിലർക്ക് ഇങ്ങനെ നേരേ ഒന്നു പാർക്ക് ചെയ്യാൻ പറയുന്നത് ഇഷ്ടമാകില്ല. പക്ഷേ, ആൾക്കാര് വണ്ടിയെടുക്കാൻ വരുമ്പോ ഡോറു തുറക്കാൻ ബുദ്ധിമുട്ടാകുമ്പോഴും തെറി നമ്മള് കേക്കണം. " പൈസയും കൊടുത്ത് കാറുകാരൻ പോകാനൊരുങ്ങുമ്പോൾ അവർ പറഞ്ഞു, " സാറേ നല്ല ദിവസമായിരിക്കട്ടെ ഇന്ന്. പോകുന്ന കാര്യം എന്തായാലും സൂപ്പറായി നടക്കും".  ഏതാനും നമിഷം കൊണ്ട് ഇരു കൂട്ടരും സൂപ്പറായി .
 

Ad Image