Skip to main content
തിരുവനന്തപുരം

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷ ബഹളം ശക്തമായതിനെ തുടര്‍ന്ന് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷവും സര്‍ക്കാരും തങ്ങളുടെ നിലപാടില്‍ നിന്ന് വ്യതിചലിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് സഭാ നടപടികള്‍ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്.

 

തട്ടിപ്പ് കേസില്‍ പരാതിക്കാരനായ ശ്രീധരന്‍ നായരുടെ സുപ്രധാന വെളിപ്പെടുത്തല്‍ പുറത്തു വന്നതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കായുള്ള സമ്മര്‍ദം ഏറുകയായിരുന്നു. മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഡാലോചനയാണെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സഭയില്‍ ബഹളം ആരംഭിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തി വെക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു.

 

അതേ സമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് പുറത്ത് എല്‍.ഡി.എഫ് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായി. ബാരിക്കേഡ് തകര്‍ത്ത് ഉള്ളിലേക്കു കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രവര്‍ത്തകര്‍ കല്ലേറു നടത്തിയതോടെ പോലീസ് ലാത്തിവീശി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചത് കൂടുതല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.