കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണപ്പറക്കല്‍ അടുത്ത മാസം നടക്കും, ഫേസ് ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കര്യം അറിയിച്ചത്. വരുന്ന സെപ്റ്റംബറില്‍ വിമാനത്താവളം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വിമാനത്താവളത്തിന്റെ എയര്‍ സൈഡ്, സിറ്റി സൈഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നതോടു കൂടി പ്രതിവര്‍ഷം 15 ലക്ഷത്തോളം യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഒരേസമയം 20 വിമാനങ്ങള്‍വരെ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് വിമാനത്താവളത്തിന്റെ ഏപ്രണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. റണ്‍വേയുടെ നിര്‍മാണം 3050 മീറ്റര്‍ നീളത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കോഡ് 'ഇ' ഗണത്തില്‍ പെടുന്ന ബോയിങ്ങ് ബി777, എയര്‍ബസ് എ330 തുടങ്ങിയ വിമാനങ്ങള്‍ക്ക് ഉതകുന്നതാണ് നിലവിലെ റണ്‍വേയുടെ രൂപകല്‍പന. ഭാവിയില്‍ ഇത് എയര്‍ബസ് എ380 പോലെയുള്ള കോഡ് 'എഫ്' ഗണത്തില്‍ പെടുന്ന വിമാനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന രീതിയില്‍ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നു.