Skip to main content

മന്ത്രിസഭയില്‍ നിന്ന്‍ പുറത്താക്കിയ കപില്‍ മിശ്ര ഉന്നയിച്ച അഴിമതി ആരോപണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ വിജിലന്‍സ് അഴിമതി വിരുദ്ധ ബ്രാഞ്ച് (എ.സി.ബി) അന്വേഷണം ആരംഭിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാലിനു മിശ്ര നല്‍കിയ പരാതി അദ്ദേഹം എ.സി.ബിയ്ക്ക് കൈമാറുകയായിരുന്നു. പരാതിയില്‍ ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്.  

 

മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ കാലത്തെ വാട്ടര്‍ ടാങ്കര്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേജ്രിവാളിനെതിരെയുള്ള ആരോപണം. തന്റെ സാന്നിദ്ധ്യത്തില്‍ മന്ത്രി സത്യേന്ദ്ര ജെയിന്‍ ആണ് പണം കൈമാറിയതെന്നും മിശ്ര പറയുന്നു. ഇതിന്റെ തെളിവുകള്‍ എ.സി.ബി.യ്ക്ക് കൈമാറുമെന്നും മിശ്ര പറഞ്ഞു. നുണ പരിശോധനയ്ക്ക് കേജ്രിവാളിനെയും ജെയിനിയേയും മിശ്ര വെല്ലുവിളിക്കുകയും ചെയ്തു.

 

എന്നാല്‍, ആരോപണം നിഷേധിച്ച ആം ആദ്മി പാര്‍ട്ടി ബി.ജെ.പിയുടെ പിന്തുണയോടെയാണ് മിശ്ര പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചു. ജല വകുപ്പ് കൈകാര്യം ചെയ്തിരുന്ന മിശ്രയെ ശനിയാഴ്ചയാണ് ജലവിതരണത്തിലെ വീഴ്ച ആരോപിച്ച് കേജ്രിവാള്‍ പുറത്താക്കിയത്.

Tags