Skip to main content

 

ബസ്സിൽ ഒരു പോക്കറ്റടിക്കാരൻ പിടിക്കപ്പെട്ടാൽ യാത്രക്കാരിൽ ചിലർ  ചേർന്ന് ആ പോക്കറ്റടിക്കാരനെ തല്ലും. അതുവരെ തല്ലിയിട്ടില്ലാത്തവർ കൂടി തല്ലിയെന്നിരിക്കും. തല്ലാൻ കഴിയാതെ വരുന്നവർ അയാളെ മറ്റുളളവർ തല്ലുന്നതു നോക്കി നിൽക്കും. പെരുമ്പാവൂരിൽ ഏതാനും വർഷം മുൻപ് ഇവ്വിധം ഒരു നിരപരാധി തല്ലുകൊണ്ടു മരിക്കുകവരെയുണ്ടായി. ഇവരിൽ ചിലപ്പോൾ വ്യക്തിപരമായി സമാധാനകാംക്ഷികളും ഉണ്ടാവും. അവർ പോലും കൗതുകത്തോടെ പോക്കറ്റടിക്കാരനെ ഇട്ട് തല്ലുന്നതും ചവിട്ടിമെതിക്കുന്നതും നോക്കി നിൽക്കും. ചുരുക്കത്തിൽ ആ ബസ്സിലെ മുഴുവൻ ആളുകളും കൂടിയാണ് പോക്കറ്റടിക്കാരനെ തല്ലുന്നത്. കാരണം ആരും എതിർക്കില്ലെന്ന് തല്ലുന്നവർക്കറിയാം. അതിന്റെ കാരണം കളവിനോടുള്ള പൊതുമാനസികാവസ്ഥയാണ് അതിലൂടെ പ്രകടമാകുന്നത്. ഒപ്പം മറ്റെല്ലാവരും സത്യത്തിന്റെ ഭാഗത്തുമാകുന്നു എന്നൊരു തോന്നലും. എന്നാൽ പോക്കറ്റടിക്കാരനെ തല്ലിച്ചതയ്ക്കാനുള്ള അവകാശം തങ്ങൾക്കില്ലെന്നും അവ്വിധം തല്ലുന്നത് നിയമവിരുദ്ധമാണെന്നും മിക്കവർക്കുമറിയാമെങ്കിലും ഒന്നിച്ച് ഒരു കുറ്റകൃത്യത്തിലേർപ്പെടുന്നതിന്റെ ധൈര്യമാണ് തല്ലുപ്രേമികളെക്കൊണ്ട് അത് ചെയ്യിക്കുന്നത്. തല്ലുന്നവർ പെട്ടന്നു തന്നെ മറ്റുള്ള യാത്രക്കാരുടെ മുമ്പിൽ ഒരു നായക പരിവേഷവും നേടും. ഇത് ജനക്കൂട്ടത്തിന്റെ സ്വഭാവമാണ്. ഓരോ വ്യക്തിയിലും ഈ ഭാവം ഉള്ളതിനാലാണ് അത് സംഭവിക്കുന്നത്. ഈ ഭാവത്തെ ഉണർത്തി ഹരം പകരലാണ് അന്വേഷണാത്മക മാദ്ധ്യമപ്രവർത്തനമെന്ന ധാരണ ഇവിടെ സ്ഥാപിതമായിട്ടുണ്ട്. മാദ്ധ്യമ സ്ഥാപനത്തിന്റെ സാമ്പത്തികനേട്ടത്തിനായുളള കച്ചവട സാധ്യത വർധിപ്പിക്കാൻ വേണ്ടിയാണ് പലപ്പോഴും അന്വേഷണാത്മക മാദ്ധ്യമപ്രവർത്തനത്തിന്റെ പേരിൽ അവ്വിധം റിപ്പോർട്ടുകൾ നൽകുന്നത്. എന്നാൽ, മാദ്ധ്യമമെന്ന നിലയിൽ വലിയ സാമൂഹിക ദൗത്യം നിർവഹിക്കുന്നു എന്ന ഭാവത്തിലായിരിക്കും അന്വേഷണാത്മക റിപ്പോർട്ടുകൾ പലപ്പോഴും മാദ്ധ്യമങ്ങൾ പുറത്തു വിടുക. മറ്റുള്ളവർ ഏർപ്പെടുന്ന വൃത്തികേടുകളും ഹീനകൃത്യങ്ങളും പുറത്തു കാണിക്കുക മാത്രം എന്ന നിലയിലേക്ക് അന്വേഷണാത്മക മാദ്ധ്യമപ്രവര്‍ത്തനം മാറുകയും ചെയ്തു.

 

നഷ്ടമായ ത്രില്‍

 

അഴീക്കോട് നിയമസഭാ നിയോജക മണ്ഡലത്തിൽ പ്രചാരണത്തിലേർപ്പെട്ട ഇടതുപക്ഷ സ്ഥാനാർഥി നികേഷ് കുമാറിനോട് ഏഷ്യാനെറ്റിലെ ലേഖകൻ മാദ്ധ്യമരംഗം വിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ചോദിക്കുന്നു. അതിന് നികേഷ് നൽകിയ മറുപടി വളരെ പ്രസക്തമാണ്. നികേഷിന്റെ മറുപടി വളരെ സത്യസന്ധവുമായിരുന്നു. ആ സത്യസന്ധതയിൽ നികേഷിന്റെ മാദ്ധ്യമപ്രവർത്തനത്തെ കുറിച്ചുള്ള ധാരണ നല്ലപോലെ വ്യക്തമാകുന്നു. രാഷ്ട്രീയം എന്താണെന്നും അത് എങ്ങനെ വേണമെന്നുമുള്ള വ്യക്തമായ ധാരണ മാദ്ധ്യമപ്രവർത്തനത്തിനിറങ്ങുന്ന വ്യക്തിക്കു വേണ്ട പ്രാഥമിക ധാരണയാണ്. ഇരുപതു കൊല്ലം നികേഷ് മാദ്ധ്യമപ്രവർത്തനം നടത്തി. അതിൽ ഏറിയ ഭാഗമവും നേതൃപദവിയിലും. നികേഷിന്റെ മാദ്ധ്യമസാന്നിദ്ധ്യം കേരളത്തിലെ മാദ്ധ്യമലോകത്തും സമൂഹത്തിന്റെ മൂല്യബോധത്തിലും വരുത്തിയ മാറ്റങ്ങൾ വളരെ വലുതാണ്. അത് പലതും തിരുത്താൻ പറ്റാത്ത വിധം സാമൂഹത്തെ ബാധിച്ചതുമാണ്. രണ്ടു പതിറ്റാണ്ട് മാദ്ധ്യമ പ്രവർത്തനം നടത്തിയിട്ടും എന്താണതെന്ന് മനസ്സിലാക്കാതെയാണ് നികേഷ് അത് മടുത്തിട്ട് രാഷ്ട്രീയത്തിലേക്കുമിറങ്ങുന്നത്. മാദ്ധ്യമപ്രവർത്തനത്തിൽ തന്നെ നയിച്ച അതേ കാഴ്ചപ്പാട് തന്നെയാണ് നികേഷിനെ രാഷ്ട്രീയത്തിലും നയിക്കുന്നതെന്നാണ് അഴീക്കോട്ടെ കിണറ്റിലിറക്കവും അഴുക്കുവെള്ളം കോരിക്കാണിക്കലും സൂചിപ്പിക്കുന്നത്.

 

മാദ്ധ്യമരംഗം വിടാനും ഇനി അങ്ങോട്ടില്ലെന്നുമുള്ളതിന് കാരണമായി നികേഷ് കുമാർ പറഞ്ഞത്, തനിക്ക് മാദ്ധ്യമപ്രവർത്തനത്തിലുളള ത്രിൽ നഷ്ടമായെന്നാണ്. എന്തായിരുന്നു ആ ത്രിൽ എന്നത് എന്ന് ഒരു പക്ഷേ നികേഷ്‌ കുമാർ പോലും ആലോചിച്ചിട്ടുണ്ടാവില്ല. എത്രയെത്ര വെളിപ്പെടുത്തലുകൾ താൻ രണ്ടു പതിറ്റാണ്ടുകൾക്കുള്ളിൽ നടത്തിയെന്നും നികേഷ് കൂട്ടിച്ചേർക്കുന്നു. അതിൽ കൂടുതലൊന്നും ഇനിയില്ലത്രെ. ത്രിൽ എന്നത് വ്യക്തി വൈകാരികമായി അനുഭവിക്കുന്ന വികാരമാണ്. പോക്കറ്റടിക്കാരനെ അടിക്കുന്നയാളും അതു കാണുന്നവരും അനുഭവിക്കുന്നതും ആ ത്രിൽ ആണ്. അല്ലാതെ കളവിനോടുള്ള വിപ്രതിപത്തികൊണ്ടോ സത്യത്തിനോടുള്ള പ്രതിപത്തി കൊണ്ടോ അല്ല. എല്ലാ ദിവസവും ഒരേ യാത്രക്കാർ സഞ്ചരിക്കുന്ന ബസ്സിൽ എല്ലാ ദിവസവും പോക്കറ്റടിക്കാരുണ്ടാവുകയും അവരെ തല്ലുന്നവരുണ്ടാവുകയും ചെയ്യുകയാണെങ്കിൽ കുറച്ചു കഴിയുമ്പോൾ തല്ലുന്നവർക്കും അതു കാണുന്നവർക്കും ത്രിൽ ഇല്ലാതാകും. അതു സ്വാഭാവികമാണ്.

 

കൊച്ചി നഗരത്തിലൂടെ യാത്ര ചെയ്യുന്നവർ കാണുന്ന ഒരു പ്രഭാതക്കാഴ്ചയുണ്ട്.  പല ഭാഗങ്ങളിൽ നിന്ന് മാലിന്യം ശേഖരിച്ചു മൂടാതെ പോകുന്ന തുറന്ന ഉയരം കൂടിയ കോർപ്പറേഷൻ ലോറികൾ. ആ വണ്ടി, പോകുന്ന നിരത്തിൽ ഉണ്ടാക്കുന്ന ദുർഗന്ധം അസഹനീയമാണ്. എന്നാൽ മാലിന്യം ശേഖരിക്കന്നവർ ആ ലോറിക്കുള്ളിൽ പരസ്പരം തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത് കാണാം. കാരണം അവർക്ക് മാലിന്യത്തിന്റെ നടുവിൽ നിന്നിട്ടും അതിന്റെ അഴുക്കും ദുർഗന്ധവും അറിയാത്ത അവസ്ഥയോ അല്ലെങ്കിൽ അതു ശീലമാവുകയോ ആവുന്നതുകൊണ്ടാണ് അത്. നികേഷിന്റെ നേതൃത്വത്തിൽ ഇന്ത്യാവിഷൻ തുടങ്ങിയ നാൾ മുതൽ കേരളത്തിലെ ടെലിവിഷൻ മാദ്ധ്യമപ്രവർത്തനം കണ്ടത് സാമൂഹ്യ മാലിന്യമായ വിവിധ തരം അഴിമതികളുടെയും ലൈംഗിക വേഴ്ചകളുടെയും വെളിപ്പെടുത്തലുകളാണ്. നികേഷ് ഇന്ത്യാവിഷനിൽ നിന്ന് പോയി റിപ്പോർട്ടർ ചാനൽ ആരംഭിച്ച്, അങ്ങനെ ഇരുപതു വർഷം കഴിയുമ്പോൾ കേരള ജനത അഴിമതിക്കഥകൾക്കും ലൈംഗിക വെളിപ്പെടുത്തലുകൾക്കും നടുവിൽ കൊച്ചിൻ കോർപ്പറേഷന്റെ മാലിന്യവണ്ടിയിൽ സാധാരണ രീതിയിൽ നിൽക്കുന്ന തൊഴിലാളികളുടെ അവസ്ഥയിലാണ്. മനുഷ്യ സമൂഹത്തിൽ വ്യക്തികളുടെ ജീർണ്ണതയുടെ ഭാഗമായുണ്ടാകാവുന്ന എല്ലാ ഹീനപ്രവൃത്തികളുടെയും വെളിപ്പെടുത്തലുകൾ നടത്തപ്പെട്ടു. വ്യഭിചാരത്തിന്റെ വിശദാംശങ്ങൾ അതിന് വിധേയയും ഇരയുമൊക്കെയായ സ്ത്രീ തന്നെ വിളിച്ചു പറയുന്നു. അവരുടെ നഗ്ന ചിത്രങ്ങൾ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. അവർ കേരളത്തിന്റെ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന അവസ്ഥ വരുന്നു. പിന്നീട് ജനങ്ങൾക്ക് അതിൽ ത്രിൽ നഷ്ടമായതിനാൽ അതിനുള്ള മാർക്കറ്റും നഷ്ടമാകുന്നു. അതിന്റെയെല്ലാം മുകളിലൂടെ ആരോപണമേറ്റ സർക്കാരും മന്ത്രിമാരും വിജയപൂർവ്വം മുന്നേറുന്നു. ആ ആരോപണത്തെ അതിജീവിച്ച സാഹചര്യത്തിൽ ഇനി ഏതു ആരോപണം ഉണ്ടായാലും കുലുങ്ങേണ്ടതില്ലെന്നും ജനങ്ങളുടെ മുഖത്തു നോക്കാനും മറുപടി പറയാനും വിഷമിക്കേണ്ടതില്ലെന്നും രാഷ്ട്രീയ നേതൃത്വം മനസ്സിലാക്കുന്നു.

 

ഇതിനൊക്കെയപ്പുറം ഒന്നും ഇനി വെളിപ്പെടുത്താനില്ലെന്നാണ് നികേഷ് കുമാർ പറയുന്നത്. ശരിയാണ്, പിന്നെ എങ്ങനെ ത്രിൽ അഥവാ ആവേശം തോന്നാൻ. ആൾക്കുട്ടത്തിനുണ്ടാകുന്ന അതേ മടുപ്പ് നികേഷിനും തോന്നും. കുറ്റം പറയാനാകില്ല. അത് തുറന്നു പറയാൻ നികേഷ് ആർജ്ജവം കാട്ടി.

 

മാറിയ മാദ്ധ്യമപ്രവര്‍ത്തന മാനദണ്ഡം  

 

മാദ്ധ്യമപ്രവർത്തനം ഒറ്റനോട്ടത്തിൽ നോക്കിയാൽ ആർക്കും നടത്താൻ കഴിയുന്ന ഒന്നാണെന്നു തോന്നും. അതുകൊണ്ടാണ് കൊച്ചുകുട്ടികൾ പോലും മിമിക്രിയായി വാർത്തകൾ യഥാർഥ വാർത്തകൾ പോലെ അവതരിപ്പിക്കുന്നത്. ആ ധാരണയുടെ അടിസ്ഥാനത്തിലാണ് സിറ്റിസൺ ജേണലിസം എന്ന ശാഖ പോലും പിറന്നത്. അത് ചില പത്രങ്ങളും ചാനലുകളും ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്നു. ചാനലുകൾ അതിന്റെ അടിസ്ഥാനത്തിൽ റിയാലിറ്റി ഷോ വരെ നടത്തി. ഇന്ത്യയിലെ തന്നെ പ്രമുഖ മാദ്ധ്യമ പ്രവർത്തകർ ആ ഷോയ്ക്ക് ജഡ്ജിമാരായി എത്തുകയും ചെയ്തു. അതിലൂടെ സിറ്റിസൺ ജേണലിസം കൂടുതൽ അംഗീകരിക്കപ്പെട്ടു.  മാദ്ധ്യമ പ്രവർത്തനം സിറ്റിസൺ ജേണലിസത്തിലൂടെ അവതരിപ്പിക്കപ്പെടുന്ന വിധത്തിലുള്ളതാണെന്നുള്ള ധാരണ ഒന്നുകൂടി രൂഢമൂലമാക്കപ്പെട്ടു. ചാനലുകൾ സജീവമായതോടെ ഇത് കൂടുതൽ പ്രചാരത്തിലാവുകയും ചെയ്തു. അതിലൂടെ ഓരോ വ്യക്തിയും മാദ്ധ്യമ പ്രവർത്തകരായി രൂപാന്തരപ്പെടുന്ന സവിശേഷമായ അന്തരീക്ഷം പോലും ഉരുത്തുരിഞ്ഞ് വരികയുണ്ടായി. ക്യാന്റീൻ മാനേജരെ എഡിറ്ററായി വച്ച് വേണമെങ്കിൽ പത്രമിറക്കും എന്ന് ഇന്ത്യയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്റെ മാനേജ്‌മെന്റ് പ്രതിനിധി ഒന്നര ദശകം മുൻപ് പറഞ്ഞത് യാഥാർഥ്യമാവുകയായിരുന്നു. കാന്റീൻ മാനേജരെയല്ല, ക്യാന്റീൻ വെയ്റ്ററെ വച്ചു വേണമെങ്കിലും മാദ്ധ്യമ സ്ഥാപനം നടത്താമെന്ന സ്ഥിയിലേക്ക് വർത്തമാനകാല മാദ്ധ്യമപ്രവർത്തനം മാറി. കാരണം ഒരു ഹോട്ടല്‍ വെയ്റ്ററുടെ ചിന്താമണ്ഡലത്തിലെ ബോധത്തിനപ്പുറത്തേക്ക് മാദ്ധ്യമപ്രവർത്തന ബോധം പോകേണ്ടതില്ല എന്ന അവസ്ഥ. ഇതിനർഥം വെയ്റ്ററുടെ ജോലി മോശമാണെന്നല്ല. ഒരാൾ വെയ്റ്റര്‍ ആകാൻ തീരുമാനിക്കുന്നത് മറ്റ് തൊഴിലുകൾക്ക് അയാൾ പര്യാപ്തനല്ല എന്ന സ്വയം ബോധത്തിൽ നിന്നായിരിക്കും. അതിനൊപ്പം മറ്റു തൊഴിലുകൾ കിട്ടാതെ വരുന്നതിനാലും. പടിഞ്ഞാറന്‍ രാജ്യങ്ങളിലേത് പോലെ പഠിച്ചുകൊണ്ടിരിക്കുമ്പോൾ റസ്റ്റാറന്റിലും മറ്റ് കച്ചവട സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന രീതിയിൽ ജോലി ചെയ്യുന്നവരെയല്ലെ ഇവിടെ ഉദ്ദേശിച്ചത്. ആഴത്തിലുള്ള പഠനവും ബൗദ്ധികമായ വ്യായാമവും ചിന്തയും നിരീക്ഷണപാടവവും ഗവേഷണബുദ്ധിയും അതിന്റെയെല്ലാമടിസ്ഥാനത്തിൽ രൂപം കൊള്ളുന്ന കാഴ്ചപ്പാടുമൊന്നും വലിയ തോതിൽ വെയ്റ്റര്‍ക്ക് ആവശ്യമില്ല. മാന്യമായ പെരുമാറ്റവും വൃത്തിയുമുണ്ടെങ്കിൽ ആ ജോലിക്കൊരാൾ പര്യാപ്തമാകും. ആ ഗുണങ്ങളോടെ പണിയെടുക്കുന്ന അനേകം പേരെ നമുക്ക് കാണാൻ കഴിയുന്നുണ്ട്. അവർ ചെയ്യുന്നത് മോശം ജോലിയല്ല. മനുഷ്യസമൂഹത്തിലെ വൈവിദ്ധ്യമാർന്ന പ്രവൃത്തി ശൃംഖലിയിലെ ഒരു കണ്ണിയാണ് വെയ്റ്റര്‍. അതുപോലെ ഒരു കണ്ണി തന്നെയാണ് മാദ്ധ്യമപ്രവർത്തകരും. രണ്ടു പേർക്കും രണ്ടു ധർമ്മങ്ങളും രണ്ടു യോഗ്യതകളുമാണാവശ്യം. അതു മനസ്സിലാക്കാൻ ശേഷിയില്ലാതെ പോയ മാദ്ധ്യമ മാനേജ്മെന്റുകളുടെ പ്രതിനിധികൾക്ക് മാദ്ധ്യമപ്രവർത്തനം ആർക്കു വേണമെങ്കിലും നടത്താമെന്ന് തോന്നിപ്പോകും. അതവരുടെ പോരായ്മയല്ല. കാരണം അവർക്ക് ബൗദ്ധികമായി അങ്ങനെയേ ചിന്തിക്കാൻ കഴിയുന്നുള്ളു. സിറ്റിസൺ ജേർണലിസ മാനദണ്ഡം അവരെ നയിക്കുന്നു.

 

മാദ്ധ്യമ മാനേജുമെന്റുകൾക്ക് അന്വേഷണാത്മക മാദ്ധ്യമപ്രവർത്തനം ലാഭം ഉണ്ടാക്കുമ്പോൾ അതിലേർപ്പെടുന്ന മാദ്ധ്യമപ്രവർത്തകർക്ക് പേരും പ്രശസ്തിയും ലഭിക്കുന്നു. മാലിന്യത്തെ അല്ലെങ്കിൽ മറ്റുള്ളവരുടെ കൊള്ളരുതായ്മകളെ, സാമൂഹ്യ മാലിന്യത്തെ മാദ്ധ്യമസ്ഥാപനങ്ങൾ ആശ്രയിക്കുന്നു; ലാഭമുണ്ടാക്കാൻ. മാദ്ധ്യമപ്രവർത്തകർ പേരും പ്രശസ്തിയുമുണ്ടാക്കാൻ. കേരളത്തിൽ നടന്ന രീതിയിലുള്ള അന്വേഷണാത്മക മാദ്ധ്യപ്രവർത്തനം സമൂഹത്തിൽ ഗുണപരമായ മാറ്റം ഉണ്ടാക്കുമായിരുന്നെങ്കിൽ ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും മാതൃകാപരമായ സമൂഹമായി കേരളം മാറുമായിരുന്നു. കാരണം അത്രയ്ക്കാണ് കേരളത്തിൽ പുറത്തു വന്നിട്ടുള്ള അന്വേഷണാത്മക മാദ്ധ്യമപ്രവർത്തനം. നികേഷിനെ പോലും മടുപ്പിച്ചിരിക്കുന്നു അത്. മാലിന്യത്തിന്റെ നടുവിൽ ജീവിക്കുമ്പോൾ അതിന്റെ ഗന്ധത്തോടും അഴുക്കിനോടും മനുഷ്യന്റെ ഇന്ദ്രിയങ്ങൾ പ്രതികരിക്കാത്തതുപോലെ മലയാളിയും മാറാനുണ്ടായ സാഹചര്യമിതാണ്.

 

 

മാലിന്യത്തെ ആശ്രയിച്ചുകൊണ്ടുള്ള മാദ്ധ്യമപ്രവർത്തനമാണ് മാദ്ധ്യമപ്രവർത്തനമെന്ന ഒരു സമവാക്യം കേരളസമൂഹത്തിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പതിയുകയും ചെയ്തു. കേരളത്തിൽ നൽകപ്പെട്ടിട്ടുള്ള അന്വേഷണാത്മക റിപ്പോർട്ടിംഗിനുളള അവാർഡുകളിലൂടെ കണ്ണോടിച്ചാലും അതു മനസ്സിലാകും. ഈ വിഭാഗത്തിൽ അവാർഡു ജേതാക്കൾ വർധിക്കുമ്പോൾ എന്തുകൊണ്ട് കേരള സമൂഹം സാമൂഹികമായും സാംസ്കാരികമായും ജനായത്തപരമായും പിന്നോട്ടു നടക്കുന്നു എന്ന അന്വേഷിക്കുമ്പോഴാണ് യഥാർഥ അന്വേഷണാത്മക റിപ്പോർട്ടിംഗ് സംഭവിക്കുക. അത് ഒളിക്കാമറകൊണ്ടോ ഒളികണ്ണുകൊണ്ടോ ആൾമാറാട്ടത്തിലൂടെയോ കണ്ടെത്താൻ കഴിയില്ല. പോക്കറ്റടിക്കാരനെ ആൾക്കാർ തല്ലുമ്പോൾ മറ്റുള്ളവർ അതാസ്വദിക്കുന്നത് പ്രഹരിക്കുമ്പോൾ കിട്ടുന്ന ലൈംഗിക സുഖത്തിന് സമാനമായ ഒരു തരം സുഖലബ്ധി കൊണ്ടാണ്. അടികൊള്ളുന്നവൻ മനുഷ്യനാണെന്നു പോലും കാണികൾ മറക്കുന്നു. ഈ പ്രഹരമാണ് മാദ്ധ്യമപ്രവർത്തകരെ ചാനൽ സ്‌ക്രീനിൽ മറ്റുള്ളവരെ പ്രഹരിക്കുന്ന വിധം ചോദ്യം ചെയ്യാനും തറപറ്റിക്കാനും പ്രേരിപ്പിക്കുന്നത്. അങ്ങനെയുളള അവതാരകർ അവതരിപ്പിക്കുന്ന പരിപാടിക്കാണ് പ്രേക്ഷകർ കൂടുതൽ. അതിനർഥം കൂടുതൽ ആൾക്കാർ പ്രഹരം ആസ്വദിക്കുന്നു എന്നാണ്. ആ പ്രഹരം തന്നെയായിരുന്നു നികേഷ് കുമാർ രണ്ടു പതിറ്റാണ്ട് കേരളത്തിൽ നടത്തിയ മാദ്ധ്യമപ്രവർത്തനത്തിന്റെ മുഖമുദ്ര.

 

മാദ്ധ്യമപ്രവർത്തനത്തിൽ നികേഷ്‌ കുമാർ മാലിന്യ സ്വഭാവമുള്ള വാർത്തകളെ ആശ്രയിച്ചത് പോലെ രാഷ്ട്രീയത്തിലിറങ്ങിയപ്പോഴും അദ്ദേഹം ആശ്രയമായി കാണുന്നത് മാലിന്യത്തെയാണ്. അതുകൊണ്ടാണ് അദ്ദേഹം മലിനജലമുള്ള കിണറിന്റെ കരയിൽ തോട്ടിയും കയറും കപ്പിയുമൊക്കെയുണ്ടായിട്ടും കിണറ്റിൽ ഇറങ്ങി തോട്ടികൊണ്ട് വെള്ളം കോരി ഉയർത്തിക്കാട്ടി രാഷ്ട്രീയത്തിൽ ശ്രദ്ധ നേടാനുള്ള ത്രില്ലിന്റെ വഴി സ്വീകരിച്ചത്. ഒരു മാദ്ധ്യമപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനും ഈ വിഷയത്തിൽ ഒരേ സമീപനമാണുണ്ടാവേണ്ടത്. ഒരു പ്രദേശത്തെ കിണറുകളിൽ മലിനജലം ഉണ്ടാകുന്നുവെങ്കിൽ എന്തുകൊണ്ട് അതു സംഭവിക്കുന്നു, അതുണ്ടാകാനുളള അടിസ്ഥാനകാരണവും ഉടൻ കാരണവുമെന്ത്, അതിനെല്ലാമുപരി ആ പ്രദേശത്തെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെളളം എങ്ങനെ ലഭ്യമാക്കാമെന്ന ചിന്തകള്‍ ഉണരണം. അവിടെ രാഷ്ട്രീയ പ്രവർത്തകന്റെ അവബോധത്തെ ഉയർത്താനും ഉണർത്താനും കഴിയുന്ന വിധം പ്രവർത്തിക്കാനുള്ള പൂരക ശക്തിയായി പ്രവർത്തിക്കാനുളള ശേഷിയാണ് മാദ്ധ്യമപ്രവർത്തകന് ഉണ്ടാകേണ്ടത്. ആ ശേഷി ഉണ്ടാകേണ്ട വിധം ജനങ്ങളുടെ ആവശ്യത്തെ മാത്രം മുന്നിൽ കണ്ട് രാഷ്ട്രീയപ്രവർത്തനം നടത്തുന്നതിനുള്ള സംസ്കാരം മാദ്ധ്യമപ്രവർത്തകരിൽ ജനിപ്പിക്കും വിധമുള്ള രാഷ്ട്രീയ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും ഉണ്ടാകേണ്ടതാണ്. ഈ രണ്ടു കാര്യങ്ങളിലും നികേഷ് കുമാർ എന്ന സുന്ദരനായ ചെറുപ്പക്കാരൻ പരാജയപ്പെടുകയും രാഷ്ട്രീയത്തിലും മാലിന്യത്തെ സ്വയം നേട്ടത്തിനായി കാണുകയും ചെയ്യുന്ന കാഴ്ചയാണ് പ്രകടമാകുന്നത്. (തുടരും)

 

വായിക്കുക: നികേഷ് കുമാര്‍ എന്ന ആള്‍ക്കൂട്ടം


ലേഖകന്‍ മാതൃഭൂമി ദിനപത്രത്തില്‍ മാദ്ധ്യമപ്രവര്‍ത്തകനായിരുന്നു.