Skip to main content

 

കേരള സമൂഹത്തില്‍ പുതുതായി രൂപം കൊള്ളുന്ന സാമുദായിക-രാഷ്ട്രീയ ധ്രുവീകരണത്തിലേക്ക് വിരല്‍ ചൂണ്ടി ലൈഫ്ഗ്ലിന്റ്.കോം നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേ. രാഷ്ട്രീയ മുന്നണികളുടെ സാമൂഹിക അടിത്തറ സാമുദായികമാകുന്നതിന്റെ വരുംകാല ചിത്രമാണ്‌ സര്‍വേ നല്‍കുന്നത്. പ്രധാനമായും ഹിന്ദു സമുദായത്തില്‍ സംഭവിക്കുന്ന ഈ ധ്രുവീകരണം എല്‍.ഡി.എഫിനെ വോട്ടുകളുടെ എണ്ണത്തില്‍ മുന്നിലെത്തിക്കുമ്പോള്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്ക് അത് രാഷ്ട്രീയ നേട്ടം സമ്മാനിക്കും. ഹിന്ദു സമുദായത്തിന്റെ പിന്തുണ എല്‍.ഡി.എഫിനും എന്‍.ഡി.എയ്ക്കും ഇടയില്‍ വിഭജിക്കപ്പെടുമ്പോള്‍ യു.ഡി.എഫ് ഒരു ന്യൂനപക്ഷ സമുദായ മുന്നണിയായി ചുരുങ്ങുന്നു. എന്‍.ഡി.എയുടെ പിന്തുണയാകട്ടെ പൂര്‍ണ്ണമായും ഹിന്ദു സമുദായത്തില്‍ നിന്ന്‍ മാത്രമായതിനാല്‍ ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളില്‍ ഒരുപോലെ പിന്തുണ നേടി എല്‍.ഡി.എഫ് മുന്നില്‍ വരുന്ന ചിത്രമാണ് സര്‍വേ ഫലം നല്‍കുന്നത്.

 

ഹിന്ദു സമുദായത്തില്‍ 53 ശതമാനം പിന്തുണ നേടി വന്‍ മുന്നേറ്റമാണ് സര്‍വേ അനുസരിച്ച് എന്‍.ഡി.എ നടത്തുന്നത്. 29.79 ശതമാനം പിന്തുണയോടെ വളരെ പിന്നിലായി രണ്ടാം സ്ഥാനത്ത് എല്‍.ഡി.എഫ് നില്‍ക്കുമ്പോള്‍ കേവലം 14.95 ശതമാനം മാത്രം പിന്തുണയാണ് യു.ഡി.എഫിന് നേടാന്‍ കഴിയുന്നത്. നായര്‍ വിഭാഗത്തില്‍ എന്‍.ഡി.എയുടെ പിന്തുണ 61.04 ശതമാനമായി കുതിച്ചുയരുമ്പോള്‍ ഈഴവ വിഭാഗത്തിന്റെ പിന്തുണ എന്‍.ഡി.എയ്ക്കും എല്‍.ഡി.എഫിനും ഏറെക്കുറെ തുല്യമായി വിഭജിക്കപ്പെടുകയാണ്. എന്‍.ഡി.എയ്ക്ക് 40.59 ശതമാനവും എല്‍.ഡി.എഫിന് 39.12 ശതമാനവും പിന്തുണയാണ് ഈ വിഭാഗത്തില്‍ ഉള്ളത്

 

 

മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങളുടെ പിന്തുണ യു.ഡി.എഫിനും എല്‍.ഡി.എഫിനുമായി വിഭജിക്കപ്പെടുന്ന പതിവ് ചിത്രമാണ്‌ സര്‍വേ നല്‍കുന്നത്. രണ്ട് സമുദായങ്ങളിലും യു.ഡി.എഫിനാണ്‌ മേല്‍ക്കൈ. മുസ്ലിം സമുദായത്തില്‍ 49.67 ശതമാനം പേരും ക്രിസ്ത്യന്‍ സമുദായത്തില്‍ 59.03 ശതമാനം പേരും അവരെ പിന്തുണയ്ക്കുന്നു. എല്‍.ഡി.എഫിനുള്ള പിന്തുണ യഥാക്രമം 43.71 ശതമാനവും 31.94 ശതമാനവുമാണ്. രണ്ട് സമുദായങ്ങളിലും കൂടി ആകെ അഞ്ച് ശതമാനത്തിലധികം പിന്തുണ മാത്രമേ എന്‍.ഡി.എയ്ക്ക് നേടാന്‍ കഴിയുന്നുള്ളൂ.

 

 

എന്നാല്‍, ഒരു സമുദായത്തിലും മേല്‍ക്കൈ ഇല്ലെങ്കിലും മൂന്ന്‍ സമുദായങ്ങളില്‍ നിന്നും പിന്തുണ സമാഹരിച്ച് കൊണ്ട് എല്‍.ഡി.എഫ് ആകെ വോട്ടര്‍മാരില്‍ മുന്നിലെത്തുന്ന ചിത്രമാണ് തെളിയുന്നത്. എല്‍.ഡി.എഫിന് 35.84 ശതമാനം പിന്തുണ ലഭിക്കുമ്പോള്‍ മൂന്ന്‍ ശതമാനം മാത്രം പുറകില്‍ 32.60 ശതമാനം പിന്തുണയോടെ എന്‍.ഡി.എ രണ്ടാം സ്ഥാനത്തെത്തുന്നു. യു.ഡി.എഫിന് ലഭിക്കുന്നത് 28.14 ശതമാനം പേരുടെ പിന്തുണയാണ്.

 

 

ഏപ്രില്‍ ഏഴ് മുതല്‍ മെയ്‌ ഒന്‍പത് വരെ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ കേരളത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളില്‍ നിന്നുമായി 1727 പേരാണ് പങ്കെടുത്തത്. ഇവരില്‍ 96.53 ശതമാനം പേരും പുരുഷന്‍മാരും 87.2 ശതമാനം പേരും 45 വയസ്സിന് താഴെയുള്ളവരുമായിരുന്നു. മലയാളം വെബ് ലോകത്തിന്റെ ഒരു പരിഛേദം എന്ന്‍ വിശേഷിപ്പിക്കാവുന്ന ഈ സര്‍വേ സാമ്പിള്‍ കേരള രാഷ്ട്രീയത്തിന്റെ വരുംകാല ചിത്രമാണ്‌ നല്‍കുന്നത് എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. സര്‍വേയില്‍ പങ്കെടുത്തവരില്‍ 58.89 ശതമാനം ഹിന്ദു മതവിശ്വാസികളും 17.49 ശതമാനം ഇസ്ലാം മതവിശ്വാസികളും 16.68 ശതമാനം ക്രിസ്തുമത വിശ്വാസികളും ആയിരുന്നു. മതമില്ല എന്ന്‍ രേഖപ്പെടുത്തിയവരുടെ എണ്ണം 6.54 ശതമാനവും. ഈഴവ/തിയ്യ വിഭാഗങ്ങളില്‍ പെടുന്ന 19.69 ശതമാനം പേരും നായര്‍ വിഭാഗങ്ങളില്‍ പെടുന്ന  26.75 പേരും സര്‍വേയില്‍ പങ്കെടുത്തു.

 

സര്‍വേ വാര്‍ത്തകള്‍ വായിക്കാം

 

ലൈഫ്ഗ്ലിന്റ് സര്‍വേ: നിയമസഭാംഗമോ മണ്ഡലം പ്രതിനിധിയോ മുന്നില്‍?

 

ലൈഫ്ഗ്ലിന്റ് സര്‍വേ: മുഖ്യമന്ത്രിയേക്കാള്‍ മോശം സര്‍ക്കാര്‍!

 

ലൈഫ്ഗ്ലിന്റ് സര്‍വേ: മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി