Skip to main content
തിരുവനന്തപുരം

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ ഉപരോധ സമരം തുടങ്ങി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു.

 

ക്ലിഫ് ഹൗസ് ഉപരോധം 140 ദിവസം നീണ്ടു നില്‍ക്കുന്ന ഉപരോധ സമരമാണ് എല്‍.ഡി.എഫ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരോ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് ഒരോ ദിവസവും ഉപരോധത്തിന് എത്തുന്നത്. സമരം പ്രതീകാത്മകമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും എല്‍.ഡി.എഫ് നേതൃത്വം അത് തള്ളിയിരുന്നു.

 

തട്ടിപ്പുമായി ബന്ധപ്പെട്ടു എല്‍.ഡി.എഫ് നടത്തുന്ന സമര പരമ്പരയിലെ ഏറ്റവും പുതിയ അധ്യായമാണ് ക്ലിഫ് ഹൗസ് ഉപരോധം. മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി ആഗസ്തില്‍ നടത്തിയ സെക്രട്ടറിയെറ്റ് ഉപരോധത്തെ തുടര്‍ന്നാണ് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സോളാര്‍ കേസില്‍ വ്യക്തമായ അന്വേഷണം നടത്താതെ സമരം അവസാനിപ്പിക്കില്ലെന്ന് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.  

 

ഇടുക്കിയില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന്‍ ക്ലിഫ് ഹൗസില്‍ ഇല്ല. എന്നാല്‍, അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഇവിടെ ഉണ്ട്. ഉപരോധത്തെ നേരിടാന്‍ പോലീസ് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.