Skip to main content
ധാക്ക

ബംഗ്ലാദേശില്‍ 2009-ല്‍ നടന്ന സൈനിക അട്ടിമറിക്കും 74 പേരെ കൊലപ്പെടുത്തിയതിനും 152 സൈനികര്‍ക്ക് വധശിക്ഷ വിധിച്ചു. 150-ലധികം പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. 251 പേര്‍ക്ക് മൂന്നുമുതല്‍ 10 വര്‍ഷം വരെ തടവാണ് ശിക്ഷ. 271 പേരെ വെറുതെവിട്ടു. മൊത്തം 820-ഓളം മുന്‍ സൈനികരെയും 26 സിവിലിയന്മാരെയുമാണ് വിചാരണ ചെയ്തത്. ധാക്കയിലെ മെട്രോപൊളിറ്റന്‍ സെഷന്‍സ്‌ കോടതിയാണ് ശിക്ഷ വിധിച്ചത്.

 

സൈനികര്‍ ചെയ്ത കൃത്യം മാപ്പര്‍ഹിക്കാത്തത് ആണെന്ന് ചൂണ്ടിക്കാട്ടിയ കോടതി മൃതദേഹങ്ങള്‍ക്ക് ലഭിക്കേണ്ട ആദരവ് പോലും നല്‍കിയില്ലെന്നും വിലയിരുത്തി. എല്ലാ പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം. ശമ്പള, ആനുകൂല്യപ്രശ്‌നങ്ങളില്‍ സൈനിക നേതൃത്വത്തിനെതിരേയുള്ള പ്രശ്നങ്ങളാണ് കലാപത്തിനു കാരണമായത്. അതിര്‍ത്തിരക്ഷാ സേനയായ ബംഗ്ലാദേശ് റൈഫിള്‍സിന്റെ ആസ്ഥാനമന്ദിരത്തിലായിരുന്നു കലാപം നടന്നത്. 2009 ഫെബ്രുവരിയില്‍ നടന്ന കലാപത്തില്‍ 57 സൈനികരുള്‍പ്പെടെ 74 പേരാണ് കൊല്ലപ്പെട്ടത്.

 

അട്ടിമറിക്കു നേതൃത്വം നല്‍കിയ ബംഗ്ലാദേശ്‌ റൈഫിള്‍സിന്റെ മുന്‍ ഡെപ്യൂട്ടി അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ തൂഹിദ്‌ അഹമ്മദിനും വധശിക്ഷ വിധിച്ചിട്ടുണ്ട്‌. പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റെടുത്തു രണ്ടുമാസങ്ങള്‍ക്കുള്ളിലാണ്‌ 2009 ഫെബ്രുവരി 25,26 തിയതികളില്‍ അര്‍ധസൈനികവിഭാഗങ്ങളുടെ നേതൃത്വത്തില്‍ കലാപം നടന്നത്‌. 2011 ഓഗസ്റ്റില്‍ പ്രത്യേക കോടതികളിലായിട്ടാണ് വിചാരണ ആരംഭിച്ചത്. വിവിധ കോടതികളുടെ വിധി പ്രകാരം 6000 സൈനികര്‍ കുറ്റക്കാരാണ്.

Tags