ഹിജാബ്:മന്ത്രി ശിവൻകുട്ടിയുടെ രണ്ട് ലക്ഷ്യങ്ങളും പാളി
കൊച്ചി സെൻ്റ്. റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം ഒന്ന് കത്തിക്കാൻ നോക്കി. നോക്കിയതാകട്ടെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അതിൻറെ പിന്നിൽ രണ്ട് ഉദ്ദേശങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നാമത്തേത്, ശബരിമല സ്വർണ്ണക്കള്ളക്കടത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധയെ ഹിജാബ് വിവാദത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുക. രണ്ടാമത്തേത്, വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ചെറിയ മൂലധനം ഉണ്ടാക്കാവുന്ന ഒരു വർഗീയ വിവാദത്തെ സൃഷ്ടിക്കുക.
ഈ വിവാദത്തെ അതിൻറെ അർഹിക്കുന്ന പ്രാധാന്യത്തിൽ കണക്കിലെടുക്കുകയും അത് ഒഴിവാക്കാൻ ആവശ്യമായ ഇടപെടലുകൾ കേരള ഹൈക്കോടതി പ്രാഥമികമായി നടത്തുകയും ചെയ്തു. തുടർന്ന് എംപി ഹൈബി ഈടന്റെ മധ്യസ്ഥതയിൽ പ്രശ്നം പരിഹരിക്കുകയും ചെയ്തു. പ്രശ്നം പരിഹരിക്കപ്പെട്ടതിനുശേഷമാണ് വിദഗ്ധർ നൽകിയ ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് മാധ്യമങ്ങൾക്ക് നൽകുകയും, സ്കൂളിനെതിരെ വിദ്യാഭ്യാസ മന്ത്രി നിലപാട് സ്വീകരിക്കുകയും ചെയ്തത്.
വിഷയം ഉടലെടുക്കാൻ കാരണമായ പെൺകുട്ടിയുടെ അച്ഛൻ സ്കൂളിൻറെ ഡിസിപ്ലിനനുസരിച്ച് തന്റെ മകളെ വിടുന്നതിന് പ്രശ്നമില്ലെന്ന് പറയുകയും തനിക്ക് ഇക്കാര്യത്തിൽ ഒരു പരാതിയുമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പ്രാദേശികമായി ഇത് പരിഹരിക്കാൻ മുൻകൈയെടുത്തവർ വളരെ പക്വതയോടെ അത് നിർവഹിക്കുകയും ചെയ്തു. അതുകൊണ്ട് മാത്രമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രമം പാളിപ്പോയത്. എന്നിരുന്നാലും അത് ആവശ്യത്തിലേറെ വിഷം സമൂഹത്തിലേക്ക് വിതറുന്നതിന് അല്ലെങ്കിൽ വിതയ്ക്കുന്നതിന് കാരണമായിട്ടുണ്ട്. ഇങ്ങനെയുള്ള വിതകളിൽ നിന്നാണ് കേരളത്തിലെ സമുദായങ്ങൾ തമ്മിലുള്ള സ്പർദ്ധയും അതിൻ്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയവും, രാഷ്ട്രീയ ചേരിതിരിവുകളും ഒക്കെ കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
