അമ്മ, മകൻ, കോടതി, നിർമ്മിതബുദ്ധി
മകൻ അമ്മയ്ക്ക് ജീവനാംശം നൽകണമെന്ന് ഉത്തരവിട്ടുകൊണ്ട് കേരള ഹൈക്കോടതി പറഞ്ഞിരിക്കുന്നു, "അമ്മയെ നോക്കാത്തവർ മനുഷ്യരല്ല".
ഇത് നിർമ്മിത ബുദ്ധി യുഗം. ഈ യുഗം കാഴ്ചയുടേതല്ല. അനുഭവത്തിൻ്റേതാണ്. അതു മാത്രമാണ് നിർമ്മിതജിയും നമ്മളും തമ്മിലുള്ള ഏകവ്യത്യാസം . മാറുന്ന വ്യക്തി, ബന്ധം, സമൂഹം, കോടതി, രാഷ്ട്രീയം തുടങ്ങി മനുഷ്യസംബന്ധിയായ സമസ്തവിഷയങ്ങളെയും ഈ വിധിയുടെ കിളിവാതിലിലൂടെ കാണാം. ഇതൊക്കെയാണ് മാധ്യമപ്രവർത്തന വിഷയങ്ങളും. നിർമ്മിതബുദ്ധിക്കും ക്യാമറയ്ക്കും കടന്നു ചെല്ലാൻ കഴിയാത്തയിടത്ത് പ്രവേശിക്കാൻ കഴിക്കുന്നവർക്കു മാത്രമേ പ്രൊഫഷൻ എന്ന നിലയിൽ മാധ്യമപ്രവർത്തകരായി നിലനിൽക്കാൻ കഴിയുകയുള്ളു എന്നും ഈ വിധി മുന്നറിയിപ്പു നൽകുന്നു.
നിർമ്മിത ബുദ്ധിയും കോടതിയും
അടിസ്ഥാന പ്രാമുഖ്യം തെളിവുകൾക്ക് എന്നുള്ളത് മാറും. അക്കാര്യം നിർമ്മിതജി കിറുകൃത്യം ഹാജരാക്കും. അവയിലെ മനുഷ്യതല സൂക്ഷ്മാംശത്തെ കേന്ദ്രീകരിച്ചാവും വാദവും പ്രതിവാദവും.
ബാല്യം മുതലുള്ള ജഡ്ജിയുടെ ജീവിതവും സമൂഹവും പിൻപറ്റിയ സംസ്കാരവും വൈകാരികതയും തെളിച്ചവും വിധി പ്രസ്താവത്തിൽ നിർണ്ണയകം. ഈ ഹൈക്കോടതി വിധിയിലും അവ കാണാം. നിഴലിപ്പായും നിഴലിക്കാത്തതായും.
