ഇറാൻ ഇസ്രയേൽ ആശുപത്രി തകർത്തു;ഇറാൻ ഇരുട്ടിലേക്ക്, ട്രംപിന് മനംമാറ്റം
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ഇസ്രായേലിലെ സറോക്കോ ആശുപത്രിയും ടെൽ അവീവിലെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടവും തകർത്തത് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ വീണ്ടുവിചാരത്തിലേക്ക് നയിക്കുന്നു. " ഇസ്രായേലിനൊപ്പം യുദ്ധത്തിൽ ചേർന്നേക്കാം ,ചേർന്നേക്കാതിരിക്കാം. എന്റെ മനസ്സിലുള്ളത് ആർക്കും അറിയില്ല" ഇതാണ് വ്യാഴാഴ്ച ട്രംപ് നടത്തിയ പ്രതികരണം.
ഇസ്രയേലിന് ഒപ്പം ഇറാനെതിരെ അമേരിക്ക പരസ്യമായി യുദ്ധത്തിൽ പങ്കുചേരും എന്ന പൊതുധാരണ നിലനിൽക്കുമ്പോഴാണ് ട്രംപിൻ്റെ ഈ പ്രസ്താവന. ട്രംപിന്റെ മനം മാറ്റത്തിന് കാരണം, എങ്ങനെ ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ ഇറാന്റെ മിസൈലുകൾ തകർത്ത് അകത്ത് പ്രവേശിച്ചു എന്നതാണ്. ഇസ്രായേലിന്റെ ഈ സംവിധാനം ആകട്ടെ അമേരിക്കയുടേതും. മധ്യേഷ്യയിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളെയെല്ലാം പൊതിഞ്ഞു നിൽക്കുന്നതും ഈ സംവിധാനമാണ്. മധ്യേഷ്യയിൽ അമേരിക്കയുടെ 19 സൈനിക കേന്ദ്രങ്ങളും 50000 അമേരിക്കൻ ഭടൻമാരുമാണുള്ളത്.
പരസ്യമായി ഇസ്രയേലിനൊപ്പം ചേർന്നാൽ ഇറാന്റെ മിസൈലുകളുടെ മുന്നിൽ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങൾക്ക് പിടിച്ചുനിൽക്കാൻ ആകില്ല എന്ന ബോധ്യമാകണം അമേരിക്കൻ പ്രസിഡണ്ടിന്റെ ആശയക്കുഴപ്പത്തിന് കാരണമായിട്ടുള്ളത്.
സൊറോക്കോ ആശുപത്രി തകർത്തതിനു പിന്നാലെ ഇറാന്റെ നേരെയുള്ള ഇസ്രയേലിന്റെ ആക്രമണവും അതിശക്തമാക്കി. അമേരിക്കയിൽ നിന്നെത്തിയ ഭൂഗർഭ അറകൾ തകർക്കാൻ ശേഷിയുള്ള മിസൈലുകൾ ഇറാന്റെ ഫോർദോയിലുള്ള ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി പ്രയോഗിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. വ്യാപക നാശനഷ്ടങ്ങളാണ് ഇറാനിലൂടെ നീളം ഇസ്രായേൽ ഇതിനകം വരുത്തിയിട്ടുള്ളത്. ഇറാന്റെ മുഖ്യ ജലസ്രോതസ്സും ഇസ്രായേൽ തകർത്തു. ഇറാൻ്റെ വൈദ്യുത വിതരണ സംവിധാനവും തകർന്ന് ഇരുട്ടിലേക്ക് നീങ്ങുന്നതായാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ.
