Skip to main content
POCSO

ചൈൽഡ് പോർണോഗ്രഫി നിർദ്ദേശം ക്രിയാത്മകം

കുട്ടികൾ ഉൾപ്പെട്ട അശ്ലീലം കാണുന്നത് സംബന്ധിച്ച് സുപ്രീംകോടതി വിധിയേക്കാൾ സുപ്രധാനമാണ് , കോടതി നടത്തിയ നിരീക്ഷണവും നിർദ്ദേശവും. കുട്ടികൾ ഉൾപ്പെട്ട അശ്ലീലം കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും ഫോക്സോ നിയമപ്രകാരവും ഐടി നിയമപ്രകാരവും കുറ്റമാണെന്നാണ് സുപ്രീംകോടതിയുടെ വിധി .ഇത് മദ്രാസ് ഹൈക്കോടതി വിധിയുടെ റദ്ദാക്കൽ കൂടിയാണ്.

       ചൈൽഡ് പോർണോഗ്രഫി എന്ന പ്രയോഗം പോക്സോ നിയമത്തിന്റെ പേരിൽ നിന്ന് ഒഴിവാക്കണമെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണവും ഇക്കാര്യം പാർലമെൻറ് ഗൗരവപൂർവ്വം പരിഗണിക്കണമെന്ന നിർദ്ദേശവും . പോർണോഗ്രഫിക്ക് പകരം ' കുട്ടികളെ ലൈംഗികമായി ദുരുപയോഗവും ചൂഷണവും ചെയ്യുന്നവ ' എന്നാക്കണമെന്നാണ് കോടതി നിർദ്ദേശിക്കുന്നത്. വളരെ അർത്ഥവത്തായ ഒരു വിഷയമാണ് ഇതിലൂടെ സുപ്രീം കോടതി ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.പോർണോഗ്രഫി എന്ന് പറയുന്നത് ലൈംഗിക ഉള്ളടക്കം അടങ്ങിയതാണ്. കുഞ്ഞുങ്ങളിൽ ശാരീരികമായി പ്രായപൂർത്തിയാകുന്നവരെ ലൈംഗികത പ്രകടമാകില്ല. അത് നിഷ്കളങ്കതയുടെ കാലമാണ്. അവർ സ്വന്തം ശരീരത്തെയും ആ രീതിയിൽ തന്നെയാണ് കരുതുന്നത്.സമൂഹവും ആ രീതിയിൽ തന്നെയാണ് പൊതുവെ കണ്ടുവന്നിരുന്നത്. എന്നാൽ കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന സംഭവങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്നിയമത്തിൽ പോർണോഗ്രഫി കടന്നുവന്നത്.ഇത് സാമൂഹിക മനശാസ്ത്രത്തെ അബോധ പൂർവ്വം ബാധിക്കും . നിഷ്കളങ്കമായി കണ്ടിരുന്ന കുഞ്ഞുങ്ങളുടെ ശരീരത്തെ ലൈംഗിക കാഴ്ചയിലൂടെ ക്രമേണ കണ്ടു തുടങ്ങും എന്ന മനശാസ്ത്രപരമായ വസ്തുത കണക്കിലെടുത്താണ് സുപ്രീംകോടതി ഈ നിർദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്. ഈ ക്രിയാത്മകമായ നിർദ്ദേശം പാർലമെൻറ് പരിഗണിക്കുക തന്നെ ചെയ്യും എന്ന് കരുതാവുന്നതാണ്