കോടതി വിചാരണ നാലാഴ്ചത്തേക്ക് നീട്ടിയതിനെത്തുടര്‍ന്ന് നഷീദിനെ വിട്ടയച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിയും വരെ വിചാരണ നീട്ടണമെന്ന് നഷീദിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ അഭിഭാഷകര്‍ എതിര്‍ത്തില്ലെങ്കിലും പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം തെരഞ്ഞെടുപ്പ് കമീഷന് പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ കോടതി ഈ അപേക്ഷ തള്ളി. |
മാലെ: മാലെദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ പോലീസ് അറസ്റ്റു ചെയ്തു. പ്രസിഡന്റായിരിക്കെ ചീഫ് ക്രിമിനല്‍ ജഡ്ജി അബ്ദുള്ള മുഹമ്മദിനെ അറസ്റ്റ് ചെയ്യാന്‍ സൈന്യത്തിന് നിയമവിരുദ്ധമായ നിര്‍ദേശം നല്‍കിയെന്നതാണ് നഷീദിനെതിരെയുള്ള കേസ്. മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച പുതിയ വാറന്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കേസില്‍ വിചാരണയ്ക്ക് ഹാജരാകാത്തതിനാല്‍ കോടതി നേരത്തേ അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും നഷീദ് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയിരുന്നു. മാലെദ്വീപ് സര്‍ക്കാറുമായി ഇന്ത്യ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വാറന്റ് റദ്ദായിരുന്നു. എന്നാല്‍ പുറത്തിറങ്ങി 10 ദിവസത്തിന് ശേഷം കോടതി പുതിയ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ സപ്തംബര്‍ 7ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നഷീദിന് മത്സരിക്കാനാവില്ല. മാലെദ്വീപില്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ് നഷീദ്. 2008ല്‍ അധികാരത്തിലെത്തിയ അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം ഫിബ്രവരിയില്‍ പോലീസ് കലാപത്തിലുടെ പുറത്താക്കുകയായിരുന്നു.