Skip to main content

പശ്ചാത്തലം

അങ്കമാലി മഞ്ഞപ്ര സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ അങ്കമാലി എം.എല്‍.എ ജോസ് തെറ്റയിലിനെതിരെ പോലീസ് ചുമത്തിയ  കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. ടീം സോളാര്‍ തട്ടിപ്പുകേസില്‍ നിയമസഭ പ്രക്ഷുബ്ധമായ വേളയിലാണ് ജൂണ്‍ 23-ന് യുവതി പ്രതിപക്ഷ എം.എല്‍.എക്കെതിരെ പരാതി നല്‍കുന്നത്. ഇതിന് പിന്നാലെ യുവതിയും എം.എല്‍.എയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ പ്രമുഖ ടെലിവിഷന്‍ ചാനലുകള്‍ പ്രക്ഷേപണം ചെയ്തു. തെറ്റയിലിന്റെ മകനുമായി അടുപ്പത്തിലായിരുന്ന യുവതിയോട് മകനുമായുള്ള വിവാഹം നടത്തിത്തരാം എന്ന്‍ വാഗ്ദാനം ചെയ്ത് തെറ്റയില്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. വാഗ്ദാനത്തില്‍ നിന്ന്‍ തെറ്റയില്‍ പിന്നോക്കം പോയതോടെ പ്രതികാരമെന്നോണം യുവതി അദ്ദേഹത്തെ തന്റെ വസതിയില്‍ വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് ചാനലുകള്‍ പ്രക്ഷേപണം ചെയ്തത്.

 

കോടതി

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തെറ്റയിലിനെ പ്രതിചേര്‍ത്ത് എടുത്ത ബലാത്സംഗക്കേസും ഐ.ടി നിയമം അനുസരിച്ചുള്ള കേസുകളുമാണ് ഹൈക്കോടതി ആഗസ്ത് ഒന്നിന് റദ്ദാക്കിയത്. ശരിയായ സമ്മതമില്ലാതെയാണ് ലൈംഗിക ബന്ധം നടന്നത് എന്ന യുവതിയുടെ വ്യാഖ്യാനം നിയമപരമായി നിലനില്‍ക്കില്ല എന്ന്‍ ചൂണ്ടിക്കാട്ടിയാണ് ബലാല്‍സംഗക്കേസ് റദ്ദാക്കിയത്. പോലീസ് ചുമത്തിയ ഐ.ടി നിയമം അനുസരിച്ചുള്ള ആരോപണങ്ങള്‍ യുവതിയുടെ പരാതിയില്‍ ഇല്ലാത്തതാണ് ഈ കേസുകള്‍ റദ്ദാക്കാന്‍ കാരണം. പീഡനക്കുറ്റം സംബന്ധിച്ച വ്യാജപരാതികള്‍ കുറവാണെങ്കിലും ഈ പ്രവണത വ്യാപകമാകാന്‍ സാധ്യതയുണ്ടെന്നും വിധിന്യായത്തിന്റെ ആമുഖത്തില്‍ ജസ്റ്റിസ്‌ പി. ഭവദാസന്‍ പറയുന്നു.

 

സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍. എന്നാല്‍, ഇത്തരം നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന് സര്‍ക്കാര്‍ തന്നെ നേതൃത്വം കൊടുക്കുന്ന അവസ്ഥയാണ് ഇവിടെ കണ്ടത്. എം.എല്‍.എ സ്ഥാനം വഹിക്കുന്ന ഒരാളുടെ മേലും കേസുകള്‍ കെട്ടിച്ചമച്ചതിലൂടെ നിയമവാഴ്ച നടപ്പിലാക്കുന്നതില്‍ ഇല്ലെങ്കിലും അട്ടിമറിക്കുന്നതില്‍ തങ്ങള്‍ക്ക് എല്ലാവരും തുല്യരാണ് എന്ന് ഭരണപക്ഷം തെളിയിച്ചു. തങ്ങളുടെ മേല്‍ ചെളി പതിച്ചാല്‍ ഉടന്‍ അപ്പുറത്ത് നില്‍ക്കുന്നവരുടെ മേലും ചെളി തെറിപ്പിക്കുന്ന പ്രവൃത്തിയെ കുട്ടികള്‍ ചെയ്താല്‍ ബാലിശം എന്ന് വിശേഷിപ്പിക്കാം. എന്നാല്‍, ഒരു സംസ്ഥാന സര്‍ക്കാര്‍ ഗൂഡാലോചനക്കും കുറ്റകൃത്യത്തിനും തുനിഞ്ഞിറങ്ങുമ്പോള്‍ സംഭവിക്കുന്നത് സാമൂഹ്യദ്രോഹമാണ്. വിദേശാധിപത്യത്തിന്റെയും വിഭജനത്തിന്റെയും പശ്ചാത്തലത്തില്‍ മാത്രമല്ലാതെ ഒരു വിലയിരുത്തല്‍ നടത്തിയാല്‍ രാജ്യദ്രോഹം തന്നെയുമാണ്. കാരണം, തങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് ആധാരമാക്കിയ ഭരണഘടനക്ക് കടലാസിന്റെ വിലപോലും നല്‍കാതെയുള്ള പ്രവൃത്തികളാണ് സര്‍ക്കാറിന് നേതൃത്വം നല്‍കുന്നവര്‍ ചെയ്യുന്നത്. ജനങ്ങള്‍ക്കിടയില്‍ ജനാധിപത്യത്തോട് അവമതിപ്പ്‌ വളരുകയാണ് ഇതിന്റെ ഫലം. ജനാധിപത്യത്തില്‍ അധികാരത്തിന് തുല്യമാണ് ഉത്തരവാദിത്വവും. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന അധികാരികള്‍ ജനാധിപത്യത്തിന്റെ ശക്തിയാണെങ്കില്‍ ഉത്തരവാദിത്വമില്ലാത്ത ഭരണം അതിന്റെ ദൗര്‍ബല്യവും നിലനില്‍പ്പിനുള്ള വെല്ലുവിളിയുമാണ്‌.

 

മാധ്യമം

തെറ്റയിലിനെതിരെയുള്ള പരാതിയില്‍ ഹൈക്കോടതി ഇപ്പോള്‍ കണ്ടെത്തിയതാണ് വാര്‍ത്ത. ആഗസ്റ്റ്‌ ഒന്നിന് മാത്രമല്ല, ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്തയെന്ന പേരില്‍ പ്രക്ഷേപണം ചെയ്ത 2013 ജൂണ്‍ 23-നും. ഹൈക്കോടതി എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ മനസ്സിലാക്കാന്‍ ഗാഡമായ നിയമപാണ്ഡിത്യം ആവശ്യമില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകേണ്ട പ്രാഥമിക നിയമബോധവും അല്‍പ്പം യുക്തിബോധവും ശരിയായ സാമൂഹ്യബോധവും മതി. യുവതിയുടെ പരാതിയിലെ ‘വാര്‍ത്ത’ തിരിച്ചറിയുന്ന മാധ്യമം ചുരുങ്ങിയ പക്ഷം ആ ദൃശ്യങ്ങളുടെ പ്രക്ഷേപണത്തില്‍ നിന്ന്‍ വിട്ടുനില്‍ക്കുമായിരുന്നു. ഒരുപക്ഷെ, റേറ്റിംഗില്‍ മുന്‍പിലെത്താനുള്ള വാശിയില്‍, അല്ലെങ്കില്‍ മറ്റ് ചാനലുകള്‍ ഒപ്പം ചേരാനുള്ള ആള്‍ക്കൂട്ട മനസ്ഥിതിയില്‍ ദൂരവ്യാപകവും ദോഷകരവുമായ സാമൂഹ്യഫലങ്ങള്‍ ഉളവാക്കുന്ന പ്രവൃത്തിയാണ്‌ മലയാള ടെലിവിഷന്‍ ചാനലുകള്‍ ചെയ്തത്.

 

തെറ്റയിലും യുവതിയും

മുന്‍മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ ഒരാളില്‍നിന്ന് പ്രതീക്ഷിക്കാത്ത പ്രവൃത്തിയാണ് തെറ്റയില്‍ ചെയ്തത്. രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ ലഭിക്കുന്ന അംഗീകാരവും അധികാരവും ദുരുപയോഗം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതും ജനാധിപത്യത്തോടുള്ള നിരുത്തരവാദിത്വം തന്നെയാണ്. തെറ്റയിലുമായുള്ള യുവതിയുടെ ശാരീരിക ബന്ധമാകട്ടെ യാതൊരു സാമൂഹ്യയുക്തിക്കും നിരക്കാത്തതാണ്. മകനെ വിവാഹം ചെയ്യുന്നതിനായി അഛനൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് പറയുന്നതിലൂടെ കുടുംബവ്യവസ്ഥയെ കുറിച്ച് ഈ യുവതി പങ്കുവെക്കുന്ന ധാരണ സമൂഹത്തിന്റെ ഊടും പാവും അഴിക്കുന്നതാണ്. എന്നാല്‍, തെറ്റയിലിന്റേയും യുവതിയുടേയും വൈയക്തികമായ അപഭ്രംശങ്ങളെ ജനാധിപത്യവിരുദ്ധവും സംവേദനക്ഷമവുമല്ലാത്ത രീതിയില്‍ കൈകാര്യം ചെയ്തതിലൂടെ സര്‍ക്കാറും മാധ്യമങ്ങളും പരാജയപ്പെടുത്തിയത് ഇവരെ മാത്രമല്ല, ഒരു സമൂഹത്തെ തന്നെയാണ്.