സ്വീകരണമുറിയും കിടപ്പറയും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുന്ന തരത്തിലാണ് കേരളത്തില്‍ ടെലിവിഷന്‍ പരിപാടികള്‍ ഇന്ന്‍ സംപ്രേഷണം ചെയ്യപ്പെടുന്നത്. വാര്‍ത്ത പോലും ഇതിന് അപവാദമാകുന്നില്ല. വര്‍ത്തമാന കാലത്തെ ഏറ്റവും സ്വാധീനശക്തിയുള്ള ബഹുജന മാധ്യമം എന്ന നിലയില്‍ ടെലിവിഷന്‍ ദൃശ്യങ്ങളുടെ അനുരണനങ്ങള്‍ സമൂഹത്തില്‍ പ്രത്യക്ഷപ്പെടുക തന്നെ ചെയ്യും. ഇവിടെ മാധ്യമവും സമൂഹവും ഒരു ദൂഷിതവലയത്തില്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.
നഗരവാസികളുടെ പനിമരണങ്ങളും ആദിവാസികളുടെ പട്ടിണിമരണങ്ങളും എവിടേയും വിഷയമല്ല. നിയമസഭ പിരിയാനായി കൂടുന്നു. സരിത എസ്. നായരുടെ സോളാര്‍ തട്ടിപ്പില്‍ തുടങ്ങി ജോസ് തെറ്റയിലിന്റെ വിവാഹേതര ലൈംഗിക ബന്ധത്തില്‍ എത്തിനില്‍ക്കുകയാണ് നമ്മുടെ ഒന്നാം പേജ്-പ്രൈം ടൈം രാഷ്ട്രീയ ചര്‍ച്ച. എന്നാല്‍, വിവാഹം, കുടുംബം എന്നിങ്ങനെയുള്ള സാമൂഹ്യ സ്ഥാപനങ്ങള്‍ക്ക് നേരെ ഉയരുന്ന വെല്ലുവിളി ശ്രദ്ധിക്കപ്പെടുന്നില്ല.
കേരളീയ സമൂഹത്തിലെ കുടുംബ വ്യവസ്ഥ പ്രശ്നങ്ങള്‍ ഇല്ലാത്തതാണ് എന്ന്‍ പറയുന്നില്ല. മാറേണ്ട അധികാര ഘടനകള്‍ കുടുംബത്തിലുണ്ട്. അത്തരം വെല്ലുവിളിയല്ല, പക്ഷെ നാം ഇന്ന്‍ കാണുന്നത്. അവിഹിതത്തിലൂടെ കുടുംബത്തെ ഒരു കപടവ്യവസ്ഥയാക്കി മാറ്റുകയാണിവിടെ. ഇതിലൂടെ അഴിയുന്നത് സമൂഹത്തിന്റെ ഊടും പാവും തന്നെയാണ്. കാരണം, എന്തെല്ലാം പരിമിതികള്‍ ഉണ്ടെങ്കിലും, ഏതൊരു സമൂഹത്തിന്റേയും സാംസ്കാരിക അടിത്തറ പണിയുന്നത് കുടുംബങ്ങളിലാണ്. വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളും വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധവും എല്ലാം പരിശീലിക്കപ്പെടുന്നത് ഇവിടെയാണ്. ആ പരിശീലനത്തെ പക്വമാക്കാന്‍ സഹായിക്കേണ്ട ചുമതലയാണ് രാഷ്ട്രീയവും മാധ്യമവും വഹിക്കേണ്ടത്. ആ പരിശീലനത്തെ പിഴപ്പിക്കാനല്ല.
തെറ്റയിലുമായുള്ള യുവതിയുടെ ശാരീരിക ബന്ധം യാതൊരു സാമൂഹ്യയുക്തിക്കും നിരക്കാത്തതാണ്. മകനെ വിവാഹം ചെയ്യുന്നതിനായി അഛനൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ കുടുംബവ്യവസ്ഥയെ കുറിച്ച് ഈ സ്ത്രീക്കുള്ള ധാരണയാണ് വെളിവാകുന്നത്.
തെറ്റയില്‍ സംഭവം തന്നെ ഉദാഹരണം. മുന്‍മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ അദ്ദേഹത്തില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായത്. രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ ലഭിക്കുന്ന അംഗീകാരവും അധികാരവും ദുരുപയോഗം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാല്‍, അപ്പോഴും പെരുമാറ്റദൂഷ്യവും നിരുത്തരവാദിത്വവുമാണ് അദ്ദേഹത്തില്‍ ആരോപിക്കാനാകുക. അദ്ദേഹം അധികാരത്തില്‍നിന്ന്, പൊതുമണ്ഡലത്തില്‍നിന്ന്‍ മാറിനില്‍ക്കേണ്ടത് ആവശ്യവുമാണ്. എന്നാല്‍, അദ്ദേഹത്തെ സ്വവസതിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്യാമറയില്‍ രേഖപ്പെടുത്തുന്ന യുവതി ചെയ്തത് ബ്ലാക്ക്മെയിലിംഗ് ആണ്. ഇനിയത് ഒരു രാഷ്ട്രീയ നേതാവിനെതിരെയുള്ള പരാതിക്ക് ഉപോല്‍ബലകമായി ചെയ്തതാണ് എന്നു കരുതിയാല്‍ പോലും തെറ്റയിലുമായുള്ള യുവതിയുടെ ശാരീരിക ബന്ധം യാതൊരു സാമൂഹ്യയുക്തിക്കും നിരക്കാത്തതാണ്. മകനെ വിവാഹം ചെയ്യുന്നതിനായി അഛനൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ കുടുംബവ്യവസ്ഥയെ കുറിച്ച് ഈ സ്ത്രീക്കുള്ള ധാരണയാണ് വെളിവാകുന്നത്. ആ ധാരണ യാതൊരു നിബന്ധനകള്‍ക്കും വിധേയമാക്കാതെ പൊതുസമൂഹത്തിലേക്ക് വിന്യസിക്കുകയാണ് ബഹുജന മാധ്യമങ്ങള്‍ ചെയ്യുന്നത്.
സമൂഹത്തിലെ അപഭ്രംശങ്ങള്‍ മാധ്യമങ്ങള്‍ ജനങ്ങളെ അറിയിക്കുക തന്നെ വേണം. എന്നാല്‍, റിപ്പോര്‍ട്ട് ചെയ്യുന്നതാണ്, തുറന്നുകാട്ടലല്ല വാര്‍ത്ത എന്നത് അടിസ്ഥാനപരമായ ഉണ്ടായിരിക്കേണ്ട ഒരു തിരിച്ചറിവാണ്. തന്റെ മുന്നിലുള്ള രേഖയെ ആസ്പദമാക്കി റിപ്പോര്‍ട്ട് ചെയ്യുന്ന ലേഖികക്ക്/മാധ്യമത്തിന് വിശ്വാസ്യത എന്ന ഗുണമുണ്ടെങ്കില്‍ ആ രേഖ കാണിക്കൂ എന്ന്‍ ജനങ്ങള്‍ ആവശ്യപ്പെടില്ല. തെറ്റയില്‍ സംഭവത്തിലേതുപോലുള്ള രേഖകള്‍ ജനങ്ങള്‍ ആവശ്യപ്പെട്ടാലും പ്രദര്‍ശിപ്പിക്കില്ല എന്ന് തീരുമാനിക്കാനുള്ള ആര്‍ജ്ജവവും സമൂഹത്തോട് പ്രതിബദ്ധത അവകാശപ്പെടുന്ന മാധ്യമത്തിനുണ്ടാകേണ്ടതാണ്. എന്നാല്‍, വിപണിയെ ലക്ഷ്യമിട്ട് വാര്‍ത്ത ഉല്‍പ്പാദിപ്പിക്കുന്ന മാധ്യമങ്ങള്‍ ഇത്തരം യുവതിമാരെ വീണ്ടും വീണ്ടും സൃഷ്ടിക്കുക തന്നെ ചെയ്യും. അതേസമയം, വിശ്വാസ്യത ഉന്നം വെച്ച് ഇവര്‍ക്ക് പീഡിത എന്ന ലേബല്‍ നല്‍കി പ്രതിബദ്ധതയുടെ മുഖം എടുത്തണിയാന്‍ ശ്രമിക്കുമ്പോള്‍ മാധ്യമങ്ങള്‍ സ്ത്രീസമൂഹത്തെ സഹായിക്കുകയല്ല ചെയ്യുന്നത് എന്നുമാത്രം പറയട്ടെ.