Skip to main content
ന്യൂഡല്‍ഹി

രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നത്തിന് ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ പേര് കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തു. കായിക മന്ത്രി ജിതേന്ദ്ര സിംഗിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

 

ധ്യാന്‍ചന്ദിന്റെ മകന്‍ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ജൂലൈ 12ന് കായികമന്ത്രിയെ നേരില്‍ക്കണ്ട് ധ്യാന്‍ചന്ദിന് ഭാരതരത്നം ശുപാര്‍ശ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. 1979-ല്‍ അന്തരിച്ച ധ്യാന്‍ചന്ദിന്റെ പേരില്‍ മൂന്നു ഒളിമ്പിക്സ് സ്വര്‍ണ മെഡലുകളടക്കം നിരവധി നേട്ടങ്ങളുണ്ട്. 1928-ല്‍ ആംസറ്റര്‍ഡാം, 1932-ല്‍ ലോസ് ഏഞ്ചല്‍സ്, 1936-ല്‍ ബെര്‍ലിന്‍ എന്നീ ഒളിംപിക്സുകളിലാണ് ധ്യാന്‍ചന്ദ് മെഡല്‍ കരസ്ഥമാക്കിയത്.

 

ഡിസംബര്‍ 2011-ല്‍ ഇദ്ദേഹത്തിനു ഭാരതരത്നം നല്‍കണമെന്നാവശ്യപ്പെട്ട് 82 എം.പിമാര്‍ നിവേദനം നല്‍കിയെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. ഭാരതരത്നത്തിന് അര്‍ഹരാകുന്നതിന് നിശ്ചയിച്ച മേഖലകളില്‍ നേരത്തെ കായികരംഗം ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് യോഗ്യതാ മാനദണ്ഡത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുകയായിരുന്നു. ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ബഹുമതി നല്‍കണമെന്ന ആവശ്യം ശക്തമാണെങ്കിലും ബി.സി.സി.ഐയില്‍ നിന്ന്‍ ഈ വിഷയത്തില്‍ കായിക മന്ത്രാലയത്തിന് ശുപാര്‍ശ ലഭിച്ചിട്ടില്ല.

Tags