Skip to main content
Agartala

 lenin-statue

നീണ്ടകാലത്തെ ഇടതുപക്ഷ ഭരണം അവസാനിപ്പിച്ച് ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലെയതിന് പിന്നാലെ സി.പി.എം സ്ഥാപനങ്ങള്‍ക്കുനേരെ വ്യാപക ആക്രമണം. ബലോണിയയില്‍ സ്ഥാപിച്ചിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് ലെനിന്റെ പ്രതിമ ഒരുകൂട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.

 

ബലോണിയയില്‍ കോളേജ് സ്‌ക്വയറില്‍ അഞ്ചുവര്‍ഷം മുന്‍പ് സ്ഥാപിച്ച ലെനിന്റെ പ്രതിമയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് തകര്‍ക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെയാണ് ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പ്രതിമ മറിച്ചിട്ട് തകര്‍ത്തത്. സംസ്ഥാനത്തെ നിരവധി സി.പി.എം ഓഫീസുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്.

 

തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചതോടെ സിപിഎമ്മിന്റെ പ്രവര്‍ത്തകരും അനുഭാവികളും വലിയതോതില്‍ ശാരീരിക ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ബിജാന്‍ ധര്‍ പറഞ്ഞു. നിരവധി ഓഫീസുകള്‍ പിടിച്ചെടുക്കുകയും പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെടുകയും ചെയ്‌തെന്ന് അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി ഓഫീസുകള്‍ പലതും തുറക്കാന്‍ അനുവദിക്കുന്നില്ല. നിരവധി നേതാക്കള്‍ക്കെതിരെ ഭീഷണിയുയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.