മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരന് നായര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു അന്ത്യം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വെന്റിലേറ്ററിലേക്ക മാറ്റിയെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. സംസ്കാരം അമേരിക്കയിലുള്ള മകന് എത്തിയ ശേഷം വെള്ളിയാഴ്ച വൈകുന്നരം തിരുവന്തപുരം ശാന്തികവാടത്തില്‍ വച്ച് നടക്കും.
കൊട്ടാരക്കരയില്‍ 1928 ഡിസംബര്‍ രണ്ടിന് ഈശ്വരവിലാസത്തില്‍ ഈശ്വരന്പിള്ളയുടെയും മീനാക്ഷിയുടെയും മൂത്തമകനായി ജനിച്ചു.
കൊട്ടാരക്കര ഹൈസ്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ചങ്ങനാശേരി എസ്ബി കോളജില്‍ ഇന്റര്‍മീഡിയറ്റിനു ശേഷം അണ്ണാമല സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്ന കാലത്താണു ചന്ദ്രശേഖരന് നായര്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
സിപിഐയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്നു ചന്ദ്രശേഖരന് നായര്‍. പെരുമാറ്റത്തിലെ സൗമ്യതയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. എന്നാല്‍ കാര്യക്ഷമതയിലും നിലപാടുകളിലും അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. ആറു തവണ എം.എല്‍.എയും മൂന്നു വട്ടം മന്ത്രിയാവാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ആറര പതിറ്റാണ്ട് നീണ്ട കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്ട്ടിയിലൂടൊണ് ചന്ദ്രശേഖരന് നായര്‍ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്.
1980, 87, 96 കാലഘട്ടങ്ങളില്‍ മന്ത്രിയായി. ഇക്കാലയളവില്‍ ഭക്ഷ്യം, പൊതുവിതരണം, ടൂറിസം, നിയമം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. പൊതുവിതരണ സംവിധാനത്തില്‍ ഒട്ടേറെ നല്ല മാറ്റങ്ങളാണ് അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ കൊണ്ടുവന്നത്. അതില്‍ എടുത്ത് പറയേണ്ടത് മാവേലി സ്റ്റോറുകള്‍ എന്ന ആശയം ആവിഷ്കരിച്ച് നടപ്പിലാക്കിയതാണ്.

