കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് എം.കെ.ദാമോദരന്‍ (76)അന്തരിച്ചു. ഏതാനും നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒടുവിലത്തെ നായനാര്‍ മന്ത്രിസഭാ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായി തുടക്കത്തില്‍ എം.കെ.ദാമോദരന്‍ നിയമിക്കപ്പെട്ടുവെങ്കിലും നിയമനം സംബന്ധിച്ച് വിവാദമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം തന്നെ സ്വയം ആ സ്ഥാനം ഏറ്റെടുക്കാതെ പിന്മാറുകയായിരുന്നു. സര്‍ക്കാരിനെതിരായ പല കേസ്സുകളിലും അഡ്വ.ദാമോദരന്‍ പ്രതിഭാഗത്തിനുവേണ്ടി ഹാജരാകുന്നതിനെ തുടര്‍ന്നാണ് നിയമനം വിവാദമായത്. പിണറായി വിജയന് ഉള്‍പ്പെട്ട ലാവ്ലിന് കേസ്സില്‍ പിണറായിക്കു വേണ്ടി ഹാജരായിരുന്നതും അദ്ദേഹമായിരുന്നു.
സി പി എമ്മിന്റെ സജീവ പ്രവര്‍ത്തകനായി തുടര്‍ന്നുകൊണ്ട് അഭിഭാഷകവൃത്തിയിലേര്പ്പെട്ടിരുന്ന ദാമോദരന്‍ അടിയന്തിരാവാസ്ഥക്കാലത്ത് ജയിലിലടയക്കപ്പെട്ടു. ജയില്‍മോചിതനായ അദ്ദേഹം പിന്നീട് കര്‍മ്മരംഗം മലബാറില്‍ നിന്ന് എറണാകുളത്ത് ഹൈക്കോടതിയിലേക്ക് മാറ്റുകയായിരുന്നു. രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും അദ്ദേഹം എന്നും സി പി എം നേതൃത്വവുമായി ചേര്‍ന്നു പോവുകയായിരുന്നു. സി പി എമ്മില്‍ വി എസ് അച്യുതാനന്ദന് -പിണറായി ഗ്രൂപ്പുകള്‍ ഉടലെടുത്ത് ശക്തി പ്രാപിച്ചപ്പോള്‍ പിണറായിക്കൊപ്പം ദാമോദരന്‍ നിലകൊണ്ടു. അത് അദ്ദേഹത്തെ പലപ്പോഴും രാഷ്ട്രീയ വിവാദത്തിലെ കേന്ദ്രബിന്ദുവാക്കുന്നതിനും കാരണമായിട്ടുണ്ട്.
കൊച്ചി
