Skip to main content

രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി ഞായറാഴ്ച നടത്തിയ ഹിതപരിശോധനയില്‍ ജയം പ്രഖ്യാപിച്ച് തുര്‍ക്കി പ്രസിഡന്റ് രജിപ് തയ്യിപ് എര്‍ദോവന്‍. എന്നലം വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നതായും വീണ്ടും വോട്ടെണ്ണല്‍ നടത്താന്‍ ആവശ്യപ്പെടുമെന്നും മുഖ്യ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി പറഞ്ഞു.

 

പ്രസിഡന്റിന് വിശാലമായ അധികാരങ്ങള്‍ നല്‍കിയും പ്രധാനമന്ത്രി പദം ഒഴിവാക്കിയുമുള്ള ഒരു രാഷ്ട്രീയ സംവിധാനമാണ് ഹിതപരിശോധനയില്‍ മുന്നോട്ടുവെച്ചത്. എര്‍ദോവന് അധികാരത്തില്‍ തുടരാന്‍ വേണ്ടി നടത്തിയതെന്ന് ആരോപിക്കപ്പെട്ട ഈ നിര്‍ദ്ദേശത്തിന് 51.5 ശതമാനം പേരുടെ പിന്തുണ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. 2019-ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും പരിഷ്കരണം പ്രാബല്യത്തില്‍ വരിക.       

 

റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രീയമായി രാജ്യത്തിന്റെ ഭരണസംവിധാനം മാറ്റുന്ന ഈ വിധി സുപ്രധാനമാണെന്ന് തുര്‍ക്കിയില്‍ മുന്‍പ് നടന്ന പട്ടാള അട്ടിമറികളെ ഓര്‍മ്മിപ്പിച്ച് എര്‍ദോവന് പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ എര്‍ദോവന് നേരെയും ഒരു പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന്‍ 47,000 പേരെ തടവിലിടുകയും 120,000 പേരെ ജോലിയില്‍ നിന്ന്‍ സസ്പെന്‍ഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്തിരുന്നു.