അറസ്റ്റില്‍ നിന്ന് രക്ഷ തേടി ലണ്ടനില്‍ കഴിയുന്ന മദ്യവ്യവസായി വിജയ് മല്യയെ പിടികൂടി കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷ യു.കെ അംഗീകരിച്ചതായി വിദേശകാര്യ മന്ത്രാലയം. അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയിലെ ഒരു ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ യു.കെ ആഭ്യന്തര വകുപ്പ് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഏകദേശം നാലു കോടി ഡോളര്‍ വരുന്ന തുക മക്കളുടെ അക്കൌണ്ടിലേക്ക് മാറ്റിയതിന് മല്യയ്ക്കെതിരെയുള്ള കോടതിയലക്ഷ്യ കേസില്‍ മാര്‍ച്ച് ആദ്യം സുപ്രീം കോടതി നടപടികള്‍ പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിവെച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ബാങ്കുകളുടെ സംഘം നല്കിയ പരാതിയില്‍ സുപ്രീം കോടതി മല്യയ്ക്കെതിരെ നടപടികള്‍ ആരംഭിച്ചത്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് ഏകദേശം 9000 കോടി രൂപയുടെ ബാധ്യതകള്‍ ആണ് മല്യയ്ക്ക് വിവിധ ബാങ്കുകളില്‍ ഉള്ളത്. ഇതേത്തുടര്‍ന്ന് മല്യ രാജ്യം വിടുകയായിരുന്നു.
