Skip to main content

രാജ്യത്തെ സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്ന്‍ ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന എട്ടു ലക്ഷം എഞ്ചിനീയറിംഗ് ബിരുദധാരികളില്‍ 60 ശതമാനത്തിലധികം പേരും തൊഴില്‍രഹിതരായി തുടരുന്നുവെന്ന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍.

 

രാജ്യത്തെ 3,200-ലധികം വരുന്ന സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് കോഴ്സുകളില്‍ ഒരു ശതമാനത്തിന് മാത്രമേ ദേശീയ അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ അംഗീകാരമുള്ളുവെന്നും സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ രാജ്യത്തെ പരമോന്നത സമിതിയുടെ ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

ഇതിന്‍റെ പശ്ചാത്തലത്തില്‍ സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ സുപ്രധാന പരിഷ്കാരങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം. 2018 ജനുവരി മുതല്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ഒറ്റ ദേശീയ സാങ്കേതിക സ്ഥാപന പ്രവേശന പരീക്ഷ, സ്ഥാപനത്തിന്റെ അനുമതിയ്ക്കായി നിര്‍ബന്ധിത വാര്‍ഷിക അധ്യാപക പരിശീലനം, വിദ്യാര്‍ഥികള്‍ കോഴ്സിനു ചേരുമ്പോഴുള്ള നിര്‍ബന്ധിത പരിശീലനം, പാഠ്യപദ്ധതിയുടെ വാര്‍ഷിക പരിഷ്കരണം എന്നിവയാണ് അവയില്‍ ചിലത്.

 

പുതുതായി ആരംഭിക്കുന്ന, പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ ദേശീയ പരീക്ഷ സേവനത്തിന്റെ (എന്‍.ടി.എസ്) ആദ്യ പരീക്ഷയായിരിക്കും ദേശീയ സാങ്കേതിക സ്ഥാപന പ്രവേശന പരീക്ഷയെന്നും അധികൃതര്‍ അറിയിക്കുന്നു. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. മെഡിക്കല്‍ പ്രവേശനത്തിനായുള്ള ദേശീയ യോഗ്യതാ-പ്രവേശന പരീക്ഷയും ഇനി എന്‍.ടി.എസ് മുഖേനയായിരിക്കും. ഐ.ഐ.ടി പ്രവേശന പരീക്ഷയും എന്‍.ടി.എസ് നടത്തും.