ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള സന്ദർശക വിസ കുവൈത്ത് സർക്കാർ നിർത്തലാക്കി. ഇന്ത്യയിൽ നിന്നുള്ള വീട്ടുജോലിക്കാരെ കുവൈത്തിൽ കൊണ്ടുവരുന്നതിന് ഇന്ത്യാ സർക്കാർ ചില നിബന്ധനകൾ ഏർപ്പെടുത്തിയതാണ് കുവൈത്ത് സർക്കാരിനെ ഈ നടപടിക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
ഇന്ത്യയിൽ നിന്ന് വീട്ടുജോലിക്കാരെ കുവൈത്തിൽ കൊണ്ടുവരുന്നവർ ഇന്ത്യൻ എംബസിയിൽ 760 കുവൈത്ത് ദിനാർ (ഏകദേശം 1.6 ലക്ഷം രൂപ)കെട്ടിവെച്ച് അനുമതി പത്രം വാങ്ങേണ്ടതാണ് പ്രധാന നിബന്ധന. അതുപോലെ വീട്ടുജോലിക്കാർക്കുള്ള ഏറ്റവും കുറഞ്ഞ ശമ്പളവും നിശ്ചയിച്ചിട്ടുണ്ട്. പ്രതിമാസം എഴുപതു ദിനാര്‍ (ഏകദേശം 15,000 രൂപ) ആണിത്. മൂന്നു മാസങ്ങൾക്ക് മുൻപാണ് ഇന്ത്യാ സർക്കാർ ഈ നിബന്ധനകൾ കർശനമാക്കിയത്.
ഇന്ത്യയിൽ നിന്നുള്ള വീട്ടുജോലിക്കാർ അനുഭവിക്കുന്ന കൊടിയ ദുരിതങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് കേന്ദ്രസർക്കാർ ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്. ദിവസവും രണ്ടോ മൂന്നോ മണിക്കൂറിൽ കൂടുതൽ ഉറങ്ങാൻ കഴിയാതെ ശാരീരിക, മാനസിക പീഡനങ്ങൾ ഏറ്റുകൊണ്ട് ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാർക്ക് ഏകദേശം ആറായിരം രൂപ വരെയായിരുന്നു ഈ നിബന്ധന നടപ്പിലാകുന്നതുവരെ ശമ്പളം ലഭിച്ചിരുന്നത്. ജോലിക്കാർക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള കുറഞ്ഞ വേതനം കിട്ടാതെ വരികയാണെങ്കില്‍ അത് ലഭ്യമാക്കാൻ വേണ്ടിയാണ് കരുതൽതുകയായി ഒന്നരലക്ഷം രൂപയുടെ നിക്ഷേപം കർശനമാക്കിയിട്ടുള്ളത്.
ഒരു കുവൈത്തിയുടെ വീട്ടുജോലിക്കാരനായിരുന്ന ഇന്ത്യാക്കാരൻ വീട്ടുടമസ്ഥൻ വളർത്തിയിരുന്ന സിംഹത്തിന്റെ കടിയേറ്റ് മരിച്ചത് സംഭവത്തെ തുടർന്നാണ് വീട്ടുജോലിക്കാർ അനുഭവിക്കുന്ന ദുരിതങ്ങളുടെ യഥാർഥ ചിത്രം പുറത്തു വന്നത്. വീട്ടിൽ വളർത്തുന്ന സിംഹം, പുലി, കടുവ തുടങ്ങിയ മൃഗങ്ങളുമായി വീട്ടുജോലിക്കാരെക്കൊണ്ട് സുരക്ഷാസംവിധാനമൊന്നുമില്ലാതെ നേരിട്ട് ഇടപഴകിക്കുന്നത് ഈ വീട്ടുടമസ്ഥന്റെ പതിവായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഇന്ത്യാക്കാരനായ ജോലിക്കാരന് സിംഹത്തിന്റെ കടിയേറ്റത്.
കുവൈത്തികൾ ആഘോഷപരിപാടികളിൽ ഏർപ്പെടുന്നത് പൊതുവേ രാത്രി വൈകുമ്പോഴാണ്. അവരുടെ രാത്രിഭക്ഷണവും അർധരാത്രിയോടടുപ്പിച്ചാണ്. അതുകൊണ്ടുതന്നെ വീട്ടുജോലിക്കാർക്ക് അർധരാത്രി കഴിഞ്ഞ് വളരെ വൈകിയേ പണിതീർത്തു ഉറങ്ങാൻ കഴിയൂ. കുവൈത്തികൾ വൈകിയാണ് ഉണരുന്നതെങ്കിലും ജോലിക്കാർക്ക് നേരം പുലരുംമുൻപ് തന്നെ എഴുന്നേറ്റ് ജോലി ആരംഭിക്കേണ്ടി വരും. കുവൈത്തികളുടെ സ്വകാര്യഡ്രൈവർമാരായെത്തുന്നവരുടേയും സ്ഥിതി മറിച്ചല്ല. പീഡനം സഹിക്കവയ്യാതെ വീട്ടുടമസ്ഥരുടെ കണ്ണുവെട്ടിച്ച് പുറത്തുചാടുന്ന ഇന്ത്യാക്കാരെ സംരക്ഷിക്കാൻവേണ്ടി ഇപ്പോൾ എംബസിയോട് ചേർന്ന് പ്രത്യേകം മുറികൾ പണികഴിപ്പിച്ചിട്ടുണ്ട്. ധാരളം വീട്ടുജോലിക്കാർ ഇവ്വിധം വീട്ടുടമസ്ഥരുടെ കണ്ണുവെട്ടിച്ച് എംബസ്സിയെ അഭയം പ്രാപിക്കുന്നുണ്ട്.
മനുഷ്യത്വരഹിതമായി വീട്ടുജോലിക്കാരോടും ഡ്രൈവർമാരോടുമൊക്കെ പെരുമാറുന്ന കുവൈത്തികൾക്കെതിരെ പൊതുവേ നടപടികളൊന്നുമുണ്ടാകാത്തതാണ് ഇത്തരം പീഡനങ്ങൾ തുടരാൻ കാരണം. പുറംലോകം അറിയുന്നവിധമുള്ള കുറ്റകൃത്യങ്ങൾ വിദേശപൗരന്മാർക്കെതിരെ കുവൈത്തികളുടെ ഭാഗത്തുനിന്നുണ്ടാവുകയാണെങ്കിൽ അവർ മാനസികമായി അസുഖാവസ്ഥയിലാണെന്ന് കാണിച്ച് ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കപ്പെടുകയാണ് പതിവ്.

