ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തില്‍ അറസ്റ്റിലായ ശ്രീശാന്ത് കസ്റ്റഡി കാലാവധി പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക റബേക്ക ജോണ്‍ മുഖേനയാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കാനിരുന്നത്. അതേ സമയം അറസ്റ്റിലാവുന്നതിനു മുന്‍പ് തന്നെ ശ്രീശാന്തിനെ രാജസ്ഥാന്‍ റോയല്‍സിന്റെ ടീമില്‍ നിന്നും ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. . ചെന്നൈ സൂപ്പര്‍ കിംഗ്സുമായുള്ള മത്സരത്തിനു ശേഷം മെയ് 12നു തന്നെ ശ്രീശാന്തിനെ ടീമില്‍ നിന്നും പുറത്താക്കിയിരുന്നു. രാഹുല്‍ ദ്രാവിഡുമായുള്ള വാക്ക് തര്‍ക്കവും ടീമിലെ മോശം പെരുമാറ്റവുമാണ് ശ്രീശാന്തിനെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രീശാന്തിനോടൊപ്പം ഉണ്ടായിരുന്ന നടിയെ ഇന്ന് ചോദ്യം ചെയ്യും. അതിനിടെ ഐപിഎല്‍ വാതുവെപ്പുമായി ബന്ധപെട്ട് കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്നും ശ്രീശാന്തിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി.
അതേ സമയം ഇന്ത്യന്‍ ടീമിലെ ചില മുതിര്‍ന്ന താരങ്ങളും വാതുവപ്പുകാരില്‍ നിന്നും സമ്മാനങ്ങള്‍ സ്വീകരിച്ചതായും വാതുവപ്പുകാരുമായി ഇവര്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നതായും ഡല്‍ഹി പോലീസിന്റെ ചോദ്യം ചെയ്യലില്‍ ശ്രീശാന്ത് വ്യക്തമാക്കി.
