ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ കരസേനയിലെ ജവാന് കൊല്ലപ്പെട്ടു. മറ്റൊരു ജവാന് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് അഞ്ചോളം സായുധ ഭീകരവാദികളെ കണ്ടതായ വിവരത്തെ തുടര്‍ന്ന് സേന നടപടി ആരംഭിക്കുകയായിരുന്നു.
വന്‍ ആയുധശേഖരവുമായി ഒരു സംഘം തീവ്രവാദികള്‍ നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ പ്രദേശത്ത് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവരെ കണ്ടെത്താന്‍ സുരക്ഷാ സേനകള്‍ തുടര്‍ച്ചയായി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിലധികമായി പാക് സേന ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതായും സേന ആരോപിക്കുന്നു.
രാജസ്ഥാനിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലും ഏകദേശം 15 തീവ്രവാദികള്‍ അതിര്‍ത്തി ലംഘിച്ച് നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന് രാജസ്ഥാന് പോലീസിന്റെ തീവ്രവാദ വിരുദ്ധ സംഘം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടെ അതിര്‍ത്തി രക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

