യുക്രൈന് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന് പ്രഖ്യാപിച്ച വിവിധ സാമ്പത്തിക ഉപരോധ നടപടികള്‍ ആഗസ്ത് ഒന്ന് വെള്ളിയാഴ്ച നിലവില്‍ വന്നു. റഷ്യയുടെ ബാങ്കിംഗ്, ഊര്‍ജം, പ്രതിരോധം എന്നീ മേഖലകളെ ലക്ഷ്യമിടുന്നതാണ് നടപടികള്‍.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഞ്ച് പ്രമുഖ റഷ്യന്‍ ബാങ്കുകള്‍ക്ക് യൂറോപ്പിലെ ധനകാര്യ വിപണികളില്‍ പ്രവേശനം നിഷേധിക്കുന്നതാണ് പ്രധാന നടപടി. ആയുധങ്ങളും സൈനികമായി ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യകളും വില്‍പ്പന നടത്തുന്നതും കൈമാറുന്നതും നിരോധിച്ചിട്ടുണ്ട്. പെട്രോളിയം മേഖലയേയും ഉപരോധത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രകൃതിവാതക മേഖലയെ ഒഴിവാക്കി. യൂറോപ്പിന്റെ പ്രകൃതിവാതക ആവശ്യത്തിന്റെ മൂന്നിലൊന്നും നല്‍കുന്നത് റഷ്യയാണ്.
ഫെബ്രുവരി അവസാനം യുക്രൈനില്‍ പാശ്ചാത്യ അനുകൂലികള്‍ അധികാരം പിടിച്ചെടുത്തത് മുതല്‍ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ റഷ്യന്‍ വംശജര്‍ സായുധ പ്രതിരോധം നടത്തുകയാണ്. ഇവര്‍ക്ക് റഷ്യ സഹായം നല്‍കുന്നുവെന്നാണ് യു.എസും യൂറോപ്യന്‍ യൂണിയനും ആരോപിക്കുന്നത്. യു.എസ് റഷ്യയ്ക്കെതിരെ നേരത്തെ തന്നെ സാമ്പത്തിക ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, റഷ്യയുമായി കൂടുതല്‍ ശക്തമായ സാമ്പത്തിക സഹകരണമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മലേഷ്യന്‍ യാത്രാവിമാനം കിഴക്കന്‍ യുക്രൈനില്‍ തകര്‍ക്കപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ഗൗരവമേറിയ നടപടികള്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന് തയ്യാറായത്. സംഭവത്തില്‍ അന്താരാഷ്ട്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യുക്രൈന് വിമതരാണ് വിമാനം വീഴ്ത്തിയതെന്ന നിലപാടാണ് പാശ്ചാത്യ രാഷ്ട്രങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, സംഭവം നടക്കുന്ന സമയത്ത് യുക്രൈന് സൈന്യത്തിന്റെ ഫൈറ്റര്‍ വിമാനങ്ങള്‍ മേഖലയില്‍ ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ റഷ്യ പുറത്തുവിട്ടിരുന്നു.

