Skip to main content
ആലപ്പുഴ

 

സി.പി.ഐ.എം ആലപ്പുഴ ജില്ലാ നേതാക്കള്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. ആലപ്പുഴയിലെ ഡി.വൈ.എഫ്‌.ഐ യുവനേതാവിനും തെരഞ്ഞെടുപ്പ് കാലത്ത് തളപ്പറമ്പിലെ ഒരു മുതിര്‍ന്ന നേതാവിനും എതിരെ ഉയര്‍ന്ന ലൈംഗികാരോപണം അന്വേഷിക്കാനാണ് കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്‌. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടായത്.

 

തളിപ്പറമ്പില്‍ സി.പി.ഐ.എമ്മിന്റെ ഉടമസ്ഥതയിലുള്ള ബാങ്കില്‍ ജോലിയുള്ളതും ഭര്‍ത്താവ് ഗള്‍ഫിലുള്ളതുമായ ഒരു സ്ത്രീയുടെ വീട്ടില്‍ രാത്രി സമയത്ത് കാണാനിടയായെന്നാണ് മുതിര്‍ന്ന നേതാവിനെതിരെയുളള ആരോപണം. രണ്ടാമത്തെ ആരോപണം ആലപ്പുഴ നഗരസഭയിലെ കൗണ്‍സിലര്‍ കൂടിയായ യുവനേതാവിനെതിരെയായിരുന്നു. യുവനേതാവിനെതിരെ സ്വഭാവ ദൂഷ്യത്തിന് യുവതി പോലീസില്‍ പരാതി നല്‍കിയതാണ് വിവാദമായിരിക്കുന്നത്.

 

പരാതിയെ തുടര്‍ന്ന് ഇദ്ദേഹത്തെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം തങ്ങള്‍ക്കു നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ വിഭാഗീയതയെ തുടര്‍ന്നുള്ളതാണെന്ന് ഇരു നേതാക്കളും വാദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സത്യാവസ്ഥ ബോധ്യപ്പെടാന്‍ പാര്‍ട്ടി അന്വേഷണ രണ്ടംഗ കമ്മീഷനെ നിയോഗിച്ചത്. സ്വഭാവദൂഷ്യ ആരോപണങ്ങള്‍ കൂടാതെ പാര്‍ട്ടി അംഗങ്ങളുടെ ഭൂമാഫിയാ ബന്ധം അടക്കമുളള ആരോപണങ്ങളും കമ്മീഷന്‍ അന്വേഷിക്കും.