Skip to main content

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് പ്രതിയായ കേസിലെ സര്‍ക്കാര്‍ അഭിഭാഷകനെ വെടിവച്ചു കൊലപ്പെടുത്തി. തലസ്ഥാനമായ ഇസ്ലാമാബാദില്‍ കോടതിയിലേക്ക് പോകുന്ന വഴിയാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന ചൗധരി സുള്‍ഫിക്കറിനു നേര്‍ക്ക്‌ ടാക്സിയില്‍ നിന്ന് അജ്ഞാതര്‍ വെടിയിതിര്‍ത്തത്. സുള്‍ഫിക്കറിന് തലയിലും നെഞ്ചിലും തോളിലും വെടിയേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ചു ഒരു വഴിയാത്രക്കാരനും കൊല്ലപ്പെട്ടു.  

 

മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധവുമായി കേസില്‍ സര്‍ക്കാറിന്റെ മുഖ്യ പ്രോസിക്യൂഷന്‍ അഭിഭാഷകനായിരുന്നു സുള്‍ഫിക്കര്‍. പ്രസിഡന്റായിരുന്ന മുഷറഫ് ഭൂട്ടോക്ക് മതിയായ സംരക്ഷണം നല്‍കിയില്ലെന്നും കൊലപാതകത്തില്‍ പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. 2008 നവംബറില്‍ ലഷ്കര്‍ ഇ തൈബ മംബൈയില്‍ നടത്തിയ ആക്രമണത്തില്‍ പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ ആയിരുന്നു സുള്‍ഫിക്കര്‍.