Skip to main content

 

സോളാർ കേസ്സിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സരിതാ നായർക്ക് ജയിലിൽ ബ്യൂട്ടീഷ്യനെ ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന് ഹൈക്കോടതി ആരാഞ്ഞിരിക്കുന്നു.  സരിതയുമായി പോലീസ് കോടതികളിൽ നിന്ന് കോടതികളിലേക്ക് ഫാഷൻ ഷോ നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവുൾപ്പടെയുള്ളവർ ആരോപണമുന്നയിച്ചിട്ടുണ്ട്.  ടെലിവിഷൻ പ്രേക്ഷകരും സരിത ജയിലിൽ നിന്നിറങ്ങി കോടതികളിൽ വരുമ്പോഴുള്ള വേഷം ശ്രദ്ധിച്ചിരുന്നു. ചാനലുകളുടെ സാന്നിദ്ധ്യത്തിൽ വേഷത്തിൽ സരിതയും ശ്രദ്ധ ചെലുത്തി. ഇപ്പോഴും ചെലുത്തുന്നു. ആകർഷകമായ രീതിയിൽ സരിത കോടതിയിൽ എത്തുന്നതിൽ നിന്നാണ് ഹൈക്കോടതിക്ക് സംശയം ഉണ്ടായിരിക്കുന്നത്, അവർക്ക് ജയിലിൽ ബ്യൂട്ടീഷ്യനെ ഏർപ്പാടാക്കിയിട്ടുണ്ടോ എന്ന്. സോളാർ കേസ്സ് ഹൈക്കോടതിയിൽ വന്നപ്പോഴെല്ലാം വളരെ രൂക്ഷമായ പരാമർശങ്ങൾ ഹൈക്കോടതിയിൽ നിന്നുണ്ടായിട്ടുണ്ട്. മുൻപ് വളരെ നിസ്സാരവും നിർദ്ദോഷവുമായ പരാമർശം കോടതികളിൽ നിന്നുണ്ടായാൽ മന്ത്രിമാരും മുഖ്യമന്ത്രിമാരുമൊക്കെ രാജിവെച്ച ചരിത്രമാണ് ഇതുവരെയുണ്ടായിരുന്നത്.  സരിതയെ പുതുപ്പള്ളി വഴി കൊണ്ടുപോയതെന്തിനെന്നും ഹൈക്കോടതി ആരാഞ്ഞിരിക്കുന്നു.

 

ഭരണാധികാരികളും  മാഫിയകളുമെല്ലാം തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുകളുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും  കോടതി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിംരാജ് ഉൾപ്പെട്ട ഭൂമിതട്ടിപ്പു കേസിലെ വാദത്തിനിടെയാണ് ജഡ്ജി ഇത്തരത്തിൽ പരാമർശം നടത്തിയതും ചോദ്യമുന്നയിച്ചതും. അദ്ദേഹത്തിന്റെ സംശയം  ഹൈക്കോടതിയുടെ സംശയമാണ്. അത് സാധാരണ പൗരന്റെ സംശയമല്ല. മുന്നിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതിക്ക് സംശയം വരുന്നത്. അത്തരം തെളിവുകളുടെ അടിസ്ഥാനത്തിലാണ് സലിംരാജ് ഉൾപ്പെട്ട ഭൂമിതട്ടിപ്പ് കേസ്സന്വേഷിക്കാൻ ഹൈക്കോടതി പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. അതിനുശേഷം ഈ കേസ്സ് സി.ബി.ഐ അന്വേഷിക്കേണ്ടതാണെന്നും അതേ കോടതി അഭിപ്രായപ്പെട്ടു. ഇതെല്ലാം മുന്നിലുള്ള വസ്തുതകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിൽ കോടതി നിർവഹിച്ച ഉത്തരവാദിത്വമാണ്. ഉത്തരവാദിത്വം നിറവേറ്റുന്നത് ശ്ലാഘനീയവും.

 

law and justice

 

ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടിയതും നിലവിലുള്ള അവസ്ഥയിലെ ആശങ്ക പ്രകടമാക്കുന്നതാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഗുരുതരമായ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും കോടതിയിൽ നിന്നുണ്ടാവുകയും എന്നാൽ അതനുസരിച്ചുള്ള പ്രതികരണം സർക്കാരിന്റെ ഭാഗത്തുനിന്നോ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടികളിൽ നിന്നോ ഉണ്ടാകാതെ വരുമ്പോൾ ജനങ്ങൾക്ക് നിലവിലുള്ള സംവിധാനത്തിൽ അവശേഷിക്കുന്ന വിശ്വാസവും നഷ്ടമാകുന്നതിന്റെ വേഗത വർധിപ്പിക്കും. അത് രൂക്ഷമായാൽ പലതരം അരാജകത്വ പ്രവണതകൾക്ക് വളക്കൂറുള്ള സാമൂഹിക അന്തരീക്ഷ സൃഷ്ടിക്കു വഴിവെയ്ക്കാനിടയുണ്ട്. അതിനാൽ ഇത്തരത്തിലുള്ള പരാമർശങ്ങളിലും ചോദ്യങ്ങളിലും കോടതി മിതത്വം പാലിക്കുകയും സലിംരാജിന്റെ തട്ടിപ്പുകേസ്സുമായി ബന്ധപ്പെട്ട് കൈക്കൊണ്ടത് പോലുള്ള നടപടികളിലേക്ക് നീങ്ങുന്നതുമാണ് കോടതിയിൽ നിന്ന് ഇന്ന് ജനം പ്രതീക്ഷിക്കുന്നത്. സരിതയുടെ സ്വകാര്യമായ മൊഴി രേഖപ്പെടുത്താത്ത ജൂഡിഷ്യൽ മജിസ്‌ട്രേറ്റിന്റെ നടപടി, ജുഡിഷ്യറിയും മാഫിയകൾക്കൊപ്പം  കൂട്ടുകൂടുന്നതായി ജനങ്ങളിൽ സംശയമുയർത്തുന്നുണ്ട്. അതിനാൽ  ഹൈക്കോടതി ജഡ്ജി നടത്തിയ പരാമർശങ്ങളിലെ ആർജവവും ആശങ്കയും  പ്രസക്തമാണ്. മറ്റ് സംവിധാനങ്ങളിൽ വിശ്വാസം കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ജനം കോടതിയെ അമിത പ്രതീക്ഷയോടെ കാണുന്നുണ്ട്. അതിനാൽ കോടതിയിൽ അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന് കോട്ടം തട്ടുന്ന പരാമർശങ്ങളിൽ നിന്ന് കോടതി പിൻവാങ്ങി നടപടികളിലേക്ക് നീങ്ങേണ്ടതാണ്. അല്ലെങ്കിൽ  ഒമ്പതുമണിചർച്ചയെന്ന മാധ്യമാഘോഷത്തിന് വിഭവമാകുന്ന അവസ്ഥയിലേക്ക് കോടതിയുടെ വിലയിരുത്തലുകൾ പതിക്കും. അത് അഭികാമ്യമല്ല.