Skip to main content
ഇസ്ലാമാബാദ്

musharafപാകിസ്താനിലെ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തനിക്കെതിരെയുള്ള കേസില്‍ കോടതിയില്‍ വിചാരണയ്ക്ക് പോകുന്ന വഴിയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. 2007-ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട ഈ കേസില്‍ രാജ്യദ്രോഹ കുറ്റമാണ് മുഷറഫ് നേരിടുന്നത്.

 

സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടി മുന്‍പ് രണ്ടുതവണ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന്‍ മുഷറഫിന് പ്രത്യേക ട്രൈബ്യൂണല്‍ സമന്‍സ് അയച്ചിരുന്നു. കനത്ത സുരക്ഷയില്‍ കോടതിയിലേക്ക് വരുന്ന വഴി മുഷറഫിന് അസുഖം അനുഭവപ്പെടുകയും സൈനികാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി പോലീസ് കോടതിയെ അറിയിച്ചു. 70-കാരനായ മുന്‍ സൈനിക മേധാവിയുടെ ആരോഗ്യനില പരിതാപകരമാണെന്ന് മുഷറഫിന്റെ ഒരു സഹായി പറഞ്ഞു.

 

1999 മുതല്‍ 2008 വരെയുള്ള കാലയളവില്‍ പാകിസ്താനില്‍ അധികാരത്തിലിരുന്ന മുഷാറഫിനെതിരെ ഒരു നിര കേസുകള്‍ നിലവിലുണ്ട്. അധികാരത്തില്‍ നിന്ന്‍ പുറത്തായതിനെ തുടര്‍ന്ന്‍ രാജ്യത്തിന് പുറത്ത് പ്രവാസത്തില്‍ കഴിഞ്ഞിരുന്ന മുഷറഫ് കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്‍പ് പാകിസ്താനില്‍ തിരിച്ചെത്തിയെങ്കിലും മത്സരിക്കുന്നത് കോടതി വിലക്കി. തുടര്‍ന്ന്‍ കേസുകളില്‍ പോലീസ് ഇദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു.