ലൈഗികാരോപണത്തെത്തുടര്‍ന്ന്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ തരുണ്‍ തേജ്പാല്‍ പ്രശസ്ത വാര്‍ത്താ മാഗസിനായ തെഹല്‍ക്കയുടെഎഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്തു നിന്നും താല്‍ക്കാലികമായി ഒഴിഞ്ഞു. സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്നാണ് നടപടി. ആറ് മാസത്തേക്കാണ് തരുണ്‍ തേജ്പാല്‍ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്തുനിന്നും മാറി നില്‍ക്കുന്നത്. തെഹല്‍ക മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിക്കയച്ച ഇ-മെയിലിലാണ് സ്ഥാനമൊഴിയുന്നതായി തേജ്പാല്‍ അറിയിച്ചത്. തന്റെ നടപടിയില്‍ ഖേദം പ്രകടിപ്പിക്കുന്നതായും സന്ദേശത്തില്‍ പറയുന്നു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നില്ലെന്നും സ്ഥാപനത്തിലെ ആഭ്യന്തര പ്രശ്നമാണ് ഇതെന്നും തെഹല്‍ക അറിയിച്ചതായി ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. തനിക്കെതിരെ മോശമായ പെരുമാറ്റം തേജ്പാലിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി കാണിച്ച് കഴിഞ്ഞയാഴ്ചയാണ് തെഹല്‍ക്കയിലെ തന്നെ മാധ്യമപ്രവര്‍ത്തക മാനേജിംഗ് എഡിറ്റര്‍ ഷോമ ചൌധരിക്ക് പരാതി നല്‍കിയത്. രണ്ട് തവണ സഹപ്രവര്‍ത്തകയെ തേജ്പാല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും വനിത ജീവനക്കാരിയുടെ സുഹൃത്തും വെളിപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ തേജ്പാലിനെതിരെ സഹപ്രവര്‍ത്തക ഉയര്‍ത്തിയ ആരോപണത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് കമ്മീഷനംഗം നിര്‍മലാ സാമന്ത് പറഞ്ഞു. ഔപചാരികമായി പെണ്‍കുട്ടി കമ്മീഷന് പരാതി നല്‍കണമെന്നും അവര്‍ പറഞ്ഞു. പ്രതിരോധ ഇടപാടുകളിലെ അഴിമതി, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ തുടങ്ങി നിരവധി വാര്‍ത്തകള്‍ പുറത്ത് കൊണ്ട് വന്ന മാധ്യമ പ്രവര്‍ത്തകനാണിദ്ദേഹം
