Skip to main content
ഇസ്ലാമാബാദ്

musharafപാകിസ്താനിലെ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫിന് നേരെയുള്ള എല്ലാ കേസുകളിലും ജാമ്യം. 2007-ല്‍ ഇസ്ലാമാബാദിലെ ലാല്‍ മസ്ജിദില്‍ തമ്പടിച്ച തീവ്രവാദികളെ ഒഴിപ്പിക്കാന്‍ നടത്തിയ സൈനിക നടപടിയുമായി ബന്ധപ്പെട്ട കേസിലാണ് തിങ്കളാഴ്ച കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ 70-കാരനായ മുഷറഫിന് വീട്ടുതടങ്കലില്‍ നിന്ന്‍ മോചിതനാകാന്‍ കഴിയും. മുഷറഫ് രാജ്യം വിടില്ലെന്നും കേസുകള്‍ നേരിടുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.

 

മുന്‍ സൈനിക മേധാവിയും പ്രസിഡന്റുമായ മുഷറഫ് ഏപ്രില്‍ മുതല്‍ തടവില്‍ കഴിയുകയാണ്. പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വയം-പ്രഖ്യാപിത പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തിയ മുഷറഫിന് നേരെ ബേനസീര്‍ ഭൂട്ടോ വധവുമായി ബന്ധപ്പെട്ടതടക്കം ഒട്ടേറെ കേസുകള്‍ എടുത്തിട്ടുണ്ട്.

 

നവംബര്‍ 11-ന് ഈ കേസുകളില്‍ വിചാരണ ആരംഭിക്കും. ഈ പശ്ചാത്തലത്തിലാണ് ജാമ്യം ലഭിച്ചാല്‍ മുഷറഫ് ദുബായിയിലേക്കോ ലണ്ടനിലേക്കോ കടക്കുമെന്ന അഭ്യൂഹങ്ങള്‍ അഭിഭാഷകന്‍ നിഷേധിച്ചത്. മുഷറഫിനെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ അധികൃതരും വ്യക്തമാക്കി.

 

അഞ്ചു വര്‍ഷം നീണ്ട പ്രവാസത്തിന് ശേഷം മാര്‍ച്ചില്‍ പാകിസ്താനില്‍ തിരിച്ചെത്തിയ മുഷറഫിന് ഭൂട്ടോ വധക്കേസിന് പുറമേ 2006-ല്‍ നടന്ന ഒരു ബലൂച് നേതാവിന്റെ വധവുമായി ബന്ധപ്പെട്ട കേസിലും 2007-ല്‍ ജഡ്ജിമാരെ സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട കേസിലും പ്രതി ചേര്‍ത്തിരുന്നു. കഴിഞ്ഞ മാസം ഈ മൂന്നു കേസുകളിലും ജാമ്യം ലഭിച്ചെങ്കിലും ലാല്‍ മസ്ജിദിലെ നടപടിയുമായി ബന്ധപ്പെട്ട് പുതിയ കേസില്‍ മുഷറഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തീവ്രവാദ നിലപാടുള്ള മത പുരോഹിതരും വിദ്യാര്‍ഥികളും മസ്ജിദ് പിടിച്ചെടുത്ത് നടത്തിയ അക്രമങ്ങളെ തുടര്‍ന്ന് സൈനിക നടപടിയില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.