ഇറാഖ് സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ മാസം രാജ്യത്ത് 964 പേര് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഇതോടെ 2008 എപ്രിലിന് ശേഷം ഏറ്റവും അധികം പേര് കൊല്ലപ്പെട്ട മാസമായി 2013 ഒക്ടോബര്‍. മരിച്ചവരില്‍ 855 പേര് സാധാരണക്കാരും 65 പേര് പോലീസുകാരും 44 പേര് സൈനികരുമാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാഖിലെ വിഭാഗീയ ആക്രമണങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. അക്രമസംഭവങ്ങളുടെ വിവരം സൂക്ഷിക്കുന്ന വെബ്സൈറ്റ് ഇറാഖ് ബോഡി കൌണ്ട് അനുസരിച്ച് ഈ വര്‍ഷം കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 7,000-ത്തില്‍ അധികമാണ്.
യു.എസ് സന്ദര്‍ശിക്കുന്ന ഇറാഖ് പ്രധാനമന്ത്രി നൂറി കമാല്‍ അല്‍-മാലിക്കി പ്രസിഡന്റ് ബരാക്ക് ഒബാമയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമായും ഉന്നയിച്ചത് വര്‍ധിച്ചു വരുന്ന ആക്രമണങ്ങളാണ്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തിയാര്‍ജിക്കുന്ന അല്‍-ക്വൈദ ഭീകരവാദികളെ നേരിടുന്നതിന് യു.എസ് സഹായം നല്‍കണമെന്ന് അല്‍-മാലിക്കി അഭ്യര്‍ഥിച്ചു.
