Skip to main content
വാഷിംഗ്‌ടണ്‍

കാശ്മീര്‍ വിഷയത്തില്‍ യു.എസ് ഇടപെടണമെന്ന പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ ആവശ്യം യു.എസ് തള്ളി. കശ്മീര്‍ ഇന്ത്യയുടേയും പാകിസ്ഥാന്റെയും ഉഭയകക്ഷി പ്രശ്‌നമാണെന്നും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും യു.എസ് വ്യക്തമാക്കി. കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് യു.എസ് ഇടപെടണമെന്ന് നവാസ് ഷെരീഫും അതനുവദിക്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും പറഞ്ഞിരുന്നു.

 

നവാസ് ഷെരീഫിന്റെ യു.എസ് സന്ദര്‍ശനത്തിന് മുന്നോടിയായി സര്‍ക്കാര്‍ പ്രതിനിധി വാഷിംഗ്ടണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കശ്മീര്‍ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചയാണ് വേണ്ടതെന്നും മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ലെന്നും വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. മാത്രമല്ല പ്രശ്നം സിംല കരാറിലൂടെ പരിഹരിക്കണമെന്നാണ് ധാരണയെന്നും അദ്ദേഹം വ്യക്തമാക്കി.

 

അഞ്ചുവര്‍ഷത്തിന് ശേഷമാണ് പാകിസ്താന്‍ പ്രധാനമന്ത്രി യു.എസ് സന്ദര്‍ശിക്കുന്നത്. ഊര്‍ജം, വ്യാപാരം, ഭീകരതക്കെതിരായ യുദ്ധം എന്നിവയ്‌ക്കൊപ്പം ഇന്ത്യാ-പാക് ബന്ധവും ബുധനാഴ്ച നടക്കുന്ന ഒബാമ-ഷെരീഫ് ചര്‍ച്ചയില്‍ വിഷയമായേക്കുമെന്നാണ് കരുതുന്നത്.