Skip to main content
ഇസ്ലാമാബാദ്

മുന്‍ പാകിസ്താന്‍ പ്രസിഡന്‍റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫിന് പാക്കിസ്താന്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. നവാബ് അക്ബര്‍ ബുഗ്തി വധക്കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. ബലൂചിസ്താന്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് മുഷറഫ് സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യത്തുകയായി പത്ത് ലക്ഷം രൂപ കോടതിയില്‍ കെട്ടിവക്കണമെന്ന് മൂന്നംഗ ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു.

 

2006 ഓഗസ്റ്റ് 26-നാണ് ബലൂചിസ്ഥാനിലെ വിമത നേതാവായിരുന്ന അക്ബര്‍ ബുഗ്തി കൊല്ലപ്പെട്ടത്. അക്കാലത്ത് പാക് സൈനിക മേധാവിയായിരുന്ന മുഷറഫിന്റെ സൈനിക നടപടികള്‍ക്കിടയിലായിരുന്നു സംഭവം. സുപ്രീം കോടതി വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നും ബുഗ്തി വധക്കേസില്‍ മുഷറഫിനെതിരേ വേണ്ടത്ര തെളിവുകളില്ലെന്നു കോടതി വ്യക്തമാക്കിയതായും അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.

 

ബേനസീര്‍ ഭൂട്ടോ വധവും 2007-ലെ അടിയന്തരാവസ്ഥക്കാലത്ത് ജഡ്ജിമാരെ തടങ്കലിലാക്കിയതുമുള്‍പ്പെടെ എല്ലാ കേസിലും മുഷറഫിന് ഇതോടെ ജാമ്യം ലഭിച്ചു. ഇസ്‌ലാമാബാദില്‍ വീട്ടുതടങ്കലില്‍ കഴിയുകയാണ് മുഷറഫ് ഇപ്പോള്‍.