റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു. പ്രശ്നപരിഹാരങ്ങള്‍ക്ക് പുടിന് വഹിച്ച പങ്കാണ് നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ കാരണമെന്ന് രാജ്യാന്തര സംഘടനയായ സ്പിരിച്വല്‍ യൂണിറ്റി ആന്‍ഡ് കോ ഓപ്പറേഷന് പറയുന്നു. സിറിയന്‍ വിഷയത്തിലെ പുടിന്റെ രാഷ്ട്രീയ-നയതന്ത്ര ഇടപെടലുകളുടെ വിജയമാണ് നാമനിര്‍ദേശം ചെയ്യാന്‍ കാരണമെന്ന് സംഘടന അറിയിച്ചു.
സിറിയയില്‍ യു.എസ് ആക്രമണം തടയാനും ആണവ നിരായുധീകരണത്തിന് സിറിയന്‍ സര്‍ക്കാറിനെ സമ്മതിപ്പിക്കാനായതും റഷ്യന്‍ പ്രസിഡന്റിന്റെ ഇടപെടല്‍ മൂലമാണെന്ന് സംഘടന വിലയിരുത്തി. നൊബേല്‍ സമ്മാനത്തിന് പുടിനെ ഔദ്യോഗികമായി നാമനിര്‍ദേശം ചെയ്തുള്ള കത്ത് സെപ്റ്റംബര്‍ 16-നാണ് സംഘടന പുരസ്കാര കമ്മിറ്റിക്ക് അയച്ചത്. ലോകത്തിലെ പ്രമുഖ രാഷ്ട്രങ്ങളില്‍ ഒന്നായ റഷ്യയുടെ ഭരണാധികാരിയെന്ന നിലയില്‍ പുടിന് ലോകസമാധാനത്തിന് വേണ്ടി സ്വന്തം രാജ്യത്തിനകത്തും പുറത്തും നടത്തിയ സേവനങ്ങള്‍ വിലമതിയ്ക്കാത്തതാണെന്ന് കത്തില്‍ പറയുന്നു.
