Skip to main content
യുണൈറ്റഡ് നേഷന്‍സ്

manmohan at unതങ്ങളുടെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരതയുടെ സംവിധാനങ്ങള്‍ അടച്ചുപൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കാന് പാകിസ്ഥാനോട് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ആവശ്യപ്പെട്ടു. യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി മുന്നറിയിപ്പിന്റെ ഭാഷ പ്രയോഗിച്ചത്. ഇന്ത്യയുടെ ഐക്യത്തിലും അഖണ്ഡതയിലും ഒത്തുതീര്‍പ്പ് ഒരുകാലത്തും സാധ്യമല്ലെന്നും ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

ഭരണകൂട പിന്തുണയോടെ നടക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ ഗൌരവമായാണ് കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമ്മുവില്‍ ഈയിടെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ദക്ഷിണേഷ്യന്‍ മേഖലയിലെ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം പാകിസ്ഥാനാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫുമായി ഞായറാഴ്ച മന്‍മോഹന്‍ സിങ്ങ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. നവാസ് ഷെരിഫ് അധികാരമേറ്റ ശേഷം ഇരുനേതാക്കളും തമ്മില്‍ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്‌. ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഒരു പുതിയ തുടക്കത്തിന് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതായി ഇതേവേദിയില്‍ സംസാരിക്കവേ നവാസ് ഷെരിഫ് പറഞ്ഞിരുന്നു.

 

പാകിസ്ഥാനുമായുള്ള ജമ്മു കശ്മീര്‍ അടക്കമുള്ള എല്ലാ പ്രശ്നങ്ങളും സിംല കരാറിന്റെ അടിസ്ഥാനത്തില്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും നവാസ് ഷെരിഫിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍, ഇതില്‍ പുരോഗതി ഉണ്ടാകണമെങ്കില്‍ തങ്ങളുടെ കീഴിലുള്ള പ്രദേശം ഇന്ത്യക്കെതിരെയുള്ള ഭീകരപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനോ സൌകര്യമൊരുക്കുന്നതിനോ ഉപയോഗപ്പെടുത്തുന്നില്ലെന്ന് പാകിസ്താന്‍ ഉറപ്പ് വരുത്തേണ്ടത് അനിവാര്യതയാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.