ജമ്മു കാശ്മീരിലെ ചില മന്ത്രിമാര്‍ക്ക് മുന്‍ കാലങ്ങളിലും സൈന്യം സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന മുന്‍ കരസേന മേധാവി ജനറല്‍ വി.കെ സിംഗിന്റെ വെളിപ്പെടുത്തലിനെതിരെ എട്ട് മുന്‍ സൈനിക mരംഗത്ത്. ഒമര്‍ അബ്ദുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വി.കെ സിംഗ് ശ്രമിച്ചു എന്ന കരസേന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് വി.കെ സിംഗ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
ഇന്ത്യന്‍ സൈന്യം പൂര്‍ണമായും അരാഷ്ട്രീയമാണെന്നും പ്രതിരോധ സേനക്കനുവദിച്ച സാമ്പത്തിക സഹായം ഉപയോഗിച്ചാണ് പല ഓപ്പറേഷനുകളും നടത്തിയതെന്നും മുന്‍സൈനിക മേധാവികള്‍ പറഞ്ഞു. സൈന്യം ഇതുവരെയും മന്ത്രിമാര്‍ക്കോ രാഷ്ട്രീയ നേതാക്കള്‍ക്കോ ഒരു തരത്തിലുള്ള സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി. സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും രംഗത്തെത്തിയിരുന്നു. പണം കൈപ്പറ്റിയ രാഷ്ട്രീയക്കാരുടെ പേര് വെളിപ്പെടുത്തണമെന്ന് ഷിന്‍ഡെ ആവശ്യപ്പെട്ടു. വിശദാംശങ്ങള്‍ നല്‍കിയാല്‍ സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാണെന്നും ഷിന്‍ഡെ പറഞ്ഞു.
ഒ.പി മല്‍ഹോത്ര, എസ്.എഫ് റോഡ്‌രിഗ്യുസ്, ശങ്കര്‍ റോയ് ചൌധരി, വേദ പ്രകാശ് മാലിക്, എസ്. പദ്മനാഭന്‍, എന്‍.സി വിജ്, ജെ.ജെ സിംഗ്, ദീപക് കപൂര്‍ തുടങ്ങിയ സൈനിക മേധാവികളാണ് വി.കെ സിങ്ങിന്‍റെ വെളിപ്പെടുത്തലിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ തനിക്കെതിരെയുള്ള റിപ്പോര്‍ട്ടിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ബി.ജെ.പി. നേതാവ് നരേന്ദ്രമോഡിയ്‌ക്കൊപ്പം താന്‍ വേദി പങ്കിട്ടതടക്കമുള്ള കാര്യങ്ങള്‍ ഇതിനുപിന്നിലുണ്ടെന്നും വി.കെ. സിംഗ് ആരോപിച്ചു. തന്റെ കീഴില്‍ രഹസ്യ ഇന്റലിജന്‍സ് സംഘം പ്രവര്‍ത്തിച്ചു എന്ന ആരോപണങ്ങളെയും വി.കെ സിംഗ് നിഷേധിച്ചു.
