Skip to main content
ന്യൂഡല്‍ഹി

കരസേന മുന്‍ മേധാവി ജനറല്‍ വി.കെ.സിങ്ങിനെതിരെ വിശദമായ അന്വേഷണം നടത്തണമെന്ന് കരസേന പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കാശ്മീരിലെ ഒമര്‍ അബ്ദുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. ഇതിനായി കരസേനയുടെ പ്രത്യേക ഫണ്ട് ദുരുപയോഗം ചെയ്തെന്നും കരസേന പ്രതിരോധ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

 

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലോ സൈന്യത്തിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരയോ അറിയിക്കാതെ പ്രത്യേക ഇന്റലിജന്‍സ് യൂണിറ്റ് വി.കെ സിംഗ് രൂപികരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വികെ സിംഗ് രൂപികരിച്ച ഇന്റലിജന്‍സ് വിഭാഗം പ്രതിരോധ മന്ത്രിയുടെ ഫോണ്‍ ചോര്‍ത്തിയതായും സൈനിക ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നതായും ആരോപണമുണ്ട്. അന്വേഷണ റിപ്പോര്‍ട്ട്‌ പ്രതിരോധ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനു കൈമാറി.

 

മിലിട്ടറി ഇന്റലിജൻസ് ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ലഫ്.ജനറൽ വിനോദ് ഭാട്ടിയയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സർവീസിലിരിക്കുന്ന കാലത്തു തന്നെ ടട്ര ട്രക്ക് അഴിമതി വിവാദം ഉൾപ്പെടെ നിരവധി സംഭവങ്ങളിൽ ജനറൽ വി.കെ. സിംഗ് ഉള്‍പ്പെട്ടിരുന്നു.