പി.വിജയൻ ഇൻ്റലിജൻ്റ്സ് മേധാവിയാകുമ്പോൾ
തീവണ്ടി തീവയ്പുകേസ്സിലെ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരുന്ന കാര്യം മാധ്യമപ്രവർത്തകർക്ക് ചോർത്തിക്കൊടുത്തുവെന്ന നിസ്സാര കാര്യം കാണിച്ച് എ ഡി ജി പി എം.ആർ. അജിത്കുമാർ നൽകിയ റ്റപ്പോർട്ടിനെ തുടർന്ന് മുൻപ് സർവീസിൽ നിന്ന് സസ്പെണ്ട് ചെയ്യപ്പെട്ട പി.വിജയൻ ഇൻ്റലിജൻ്റ്സ് മേധാവിയാകുമ്പോൾ സമൂഹത്തിൽ ഉയരുന്ന ഒട്ടനവധി ചോദ്യങ്ങളുണ്ട്.
രാജ്യത്തിനു തന്നെ മാതൃകയായ പോലീസ് ഉദ്യോഗസ്ഥനും വ്യക്തിത്വവുമാണ് പി.വിജയൻ. ഇങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥനെ സംസ്പെൻഷൻ പിൻവലിച്ച് സർവീസിൽ തിരിച്ചെടുത്തത് എന്തെല്ലാം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ? അദ്ദേഹത്തെപ്പോലെ ഒരുദ്യോഗസ്ഥൻ സംസ്പെണ്ട് ചെയ്യപ്പെട്ടത് ന്യായീകരിക്കപ്പെടുന്നതായിരുന്നോ ?
ഒട്ടേറെ ആരോപണങ്ങൾ നേരിടുകയും അതിൽ ചിലത് തെളിഞ്ഞതിൻ്റെയും പേരിലാണ് അജിത്കുമാറിനെ ക്രമസമാധനച്ചുമതലയിൽ നിന്നും മാറ്റപ്പെട്ടത്. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ അതീവ ഗുരുതരവും. അങ്ങനെയൊരുദ്യോഗസ്ഥൻ വിജയനെപ്പോലെ ഒരുദ്യോഗസ്ഥനെ അകാരണമായിട്ടാണ് സസ്പണ്ട് ചെയ്യത്തക്കവിധം റിപ്പോർട്ട് നൽകിയതെങ്കിൽ അത് ഗൗരവമേറിയ കുറ്റകൃത്യം തന്നെ. അത്തരത്തിലൊരു നടപടിക്ക് മുഖ്യമന്ത്രി കൂട്ടു നിന്നു എന്നുള്ളത് അതിനേക്കാൾ ഗൗരവമേറിയ കാര്യമാണ്.
വിജയൻ ഇൻ്റലിജൻ്റ്സ് മേധാവിയാകുമ്പോൾ സർക്കാർ അദ്ദേഹത്തിൽ വിശ്വാസം അർപ്പിക്കുന്നുവെന്നു വേണം മനസ്സിലാക്കാൻ. ഒരു നിസ്സാര വിവരം ചോർത്തിയെന്നാരോപിച്ച് സസ്പെപെണ്ട് ചെയ്യപ്പെട്ട മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ തന്നെ ഈ നിർണ്ണായക സ്ഥാനത്ത് നിയമിക്കുമ്പോൾ എന്താണ് ആ വിശ്വാസമർപ്പിക്കാൻ സർക്കാരിനെ നയിച്ചതെന്നും അറിയാൻ കേരളീയ സമൂഹത്തിന് അവകാശമുണ്ട്.