Skip to main content
mammootty

മമ്മൂട്ടിയുടെ അവകാശവാദം പ്രതിക്കൂട്ടിൽ നിൽക്കുന്ന പ്രതിയുടെ കുറ്റനിഷേധം പോലെ

Yes

 

പ്രധാന മലയാള ദിനപ്പത്രങ്ങൾ മലയാള സിനിമയിലെ പവർ ഗ്രൂപ്പിനെ പോറലേൽപ്പിക്കാതെ പുറത്തുകൊണ്ടു വരാനുള്ള ശ്രമം ഒട്ടും മറയില്ലാതെ പ്രകടമാക്കുന്നു.  ഒന്നാം പേജിൽ രണ്ടാമത്തെ പ്രാധാന്യത്തോടെയാണ്, നടി വാഹനത്തിനുള്ളിൽ പീഡിപ്പിക്കപ്പെട്ട അവസരത്തിലേതു പോലെ ഹേമാകമ്മറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള മമ്മുട്ടിയുടെ സാരോപദേശ ഫേസ്ബുക്ക് പ്രതികരണം കൊടുത്തിരിക്കുന്നത്. .ചാനൽ പോലെയല്ല പത്രങ്ങൾ എന്ന് പത്രാധിപർമാർ ഓർക്കേണ്ടതാണ്. പത്രങ്ങൾ വായനക്കാർ കാശുകൊടുത്തു വാങ്ങുന്നതാണ്. എല്ലാ മാധ്യമങ്ങൾക്കും ഇവരെ ആവശ്യമുണ്ടാകും. വിശേഷിച്ചും ഓണക്കാലമായതിനാൽ.
         നടൻ ധർമ്മജൻ ബോൾഗാട്ടി പറഞ്ഞ ഒരു കാര്യമുണ്ട്. മമ്മൂട്ടിയും മോഹൻലാലുമില്ലാതെ താര സംഘടന സ്റ്റേജ് ഷോ നടത്തിയാൽ കാൽ കാശു കിട്ടില്ലെന്ന് . അതവരുടെ പവറാണ്. അതുപയോഗിക്കുകയും ചെയ്യാം. തെറ്റില്ല. അത് ദുരുപയോഗം ചെയ്യപ്പെടാൻ പാടില്ല. ഹേമാ കമ്മറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ഈ രണ്ട് പവർഫുൾ നടന്മാരും ഇപ്പോൾ പ്രതികൂട്ടിലാണ്. ഹേമാ കമ്മറ്റിറിപ്പോർട്ട് പുറത്തേക്ക് കൊണ്ടുവന്നിരിക്കുന്നത് സാമൂഹ്യവിഷയമാണ്. അല്ലാതെ വെറും സിനിമാ സംബന്ധി മാത്രമല്ല. പതിമൂന്നു ദിവസത്തിനു ശേഷം പ്രതികരണം നടത്തിയതിന് മമ്മൂട്ടി വെറും മുടന്തൻ ന്യായമാണ് മുന്നോട്ടുവച്ചിരിക്കുന്നത്.  മലയാളി അത് അപ്പാടെ വിഴുങ്ങിക്കൊള്ളുമെന്നായിരിക്കും മമ്മൂട്ടിയും പത്രാധിപർമാരും കരുതുന്നത്.  താരസംഘടനക്ക് 'ഔദ്യോഗിക നേതൃത്വം ' ഇല്ലെന്നുള്ള കാര്യം മമ്മൂട്ടി അറിഞ്ഞ ലക്ഷണമില്ല. മോഹൻലാലിൻ്റെ പത്രസമ്മേളനത്തിലെ ' അഭിനയം ' മുതൽ മാധ്യമങ്ങൾ ഈ ശ്രമം തുടങ്ങി.
         ഹേമാ കമ്മറ്റി റിപ്പോർട്ടിലെ സർക്കാർ പൂഴ്തി വച്ചിരിക്കുന്ന ഭാഗം പുറത്തേക്ക് വിടണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടിട്ടില്ല. സർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ്സിൻ്റെ അദ്ധ്യക്ഷതയിലുള്ള കമ്മറ്റിയാണ് മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് കണ്ടെത്തിയത്. പ്രതിക്കൂട്ടിൽ നിൽക്കുന്ന പ്രതി താൻ കുറ്റം ചെയ്തിട്ടില്ല എന്നു പറയുന്നതു പോലെയേ ഉള്ളൂ പവർ ഗ്രൂപ്പില്ല എന്ന മമ്മൂട്ടിയുടെ അവകാശവാദം.
         സിനിമ - രാഷ്ട്രീയം - അധികാരം -മാധ്യമം എന്ന വലയത്തിലെ മുഖ്യകണ്ണി കൂടിയാണ് പാർട്ടി മാധ്യമ സ്ഥാപന ചെയർമാൻ കൂടിയായ മമ്മൂട്ടി. അതിനാൽ ഇക്കാര്യത്തിൽ മമ്മുട്ടിക്കുള്ള സാമൂഹിക ഉത്തരവാദിത്വം മറ്റാർക്കും ഉള്ളതിനേക്കാൾ വലുതാണ്. അതിൽ നിന്നുള്ള ഒളിച്ചോട്ടവും അതിനു മാധ്യമങ്ങളുടെ മറ പിടിക്കലുമാണ് ഇപ്പോൾ നടയുന്നത്. 

Add new comment

Plain text

  • No HTML tags allowed.
  • Web page addresses and email addresses turn into links automatically.
  • Lines and paragraphs break automatically.