Skip to main content

ഹര്‍ത്താല്‍ ദിവസമായ നാളെ ജീവനക്കാരുടെയും യാത്രക്കാരുടേയും കുറവ് പരിഗണിച്ച് സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. ആശുപത്രികള്‍, റയില്‍വെ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കല്‍ സര്‍വ്വീസുകള്‍ പോലീസ് അകമ്പടിയോടെ മാത്രം നടത്താനാണ് തീരുമാനം. എന്നാല്‍ ഹര്‍ത്താല്‍ അവസാനിക്കുന്ന വൈകീട്ട് ആറ് മണിക്ക് ശേഷം അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍  ഉണ്ടായിരിക്കുമെന്നും സി.എം.ഡി അറിയിച്ചു.  

ചില തൊഴിലാളി സംഘടനകള്‍ സെപ്തംബര്‍ 27, തിങ്കളാഴ്ച്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം. സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി തന്നെ നേരത്തെ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാന്‍ സാദ്ധ്യതയില്ലെന്നതും ജീവനക്കാരുടെ കുറവുമാണ് സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ കാരണം.

അവശ്യ സര്‍വ്വീസുകള്‍ വേണ്ടി വന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശ പ്രകാരവും ആവശ്യം അനുസരിച്ചും മാത്രം രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെ സര്‍വീസ് നടത്തും. കെ.എസ്.ആര്‍.ടി.സിയിലെ വിവിധ യൂണിറ്റുകള്‍, അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാന പാതയില്‍ പരിമിതമായ ലോക്കല്‍ സര്‍വ്വീസുകള്‍ മാത്രമേ നടത്തൂ.

Tags