Skip to main content
ഇസ്ലാമാബാദ്

പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി തന്റെ അഞ്ചു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി ഞായാറാഴ്ച സ്ഥാനമൊഴിഞ്ഞു. പാകിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്നത്. സര്‍ദാരിക്ക് പകരക്കാരനായി മംനൂന്‍ ഹുസൈന്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കും.

 

പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവുമായ സര്‍ദാരി ഇനി പാര്‍ട്ടി കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുമെങ്കിലും സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും തല്‍ക്കാലം വിട്ടു നില്‍ക്കുമെന്നാണ് സൂചന.

 

സൈനിക ഭരണാധികാരി പര്‍വേസ് മുഷാറഫ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന്‍ നടന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ സര്‍ദാരി 2010-ല്‍ ഭരണഘടനാ ഭേദഗതിയിലൂടെ പാകിസ്താനില്‍ വിവിധ സൈനിക ഭരണാധികാരികള്‍ പ്രസിഡന്റിന് നല്‍കിയിരുന്ന അധികാരങ്ങള്‍ പലതും പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു. അഴിമതി ആരോപണങ്ങള്‍ കൊണ്ട് ആര്‍ജിച്ച കുപ്രസിദ്ധിയുമായാണ് സര്‍ദാരി പ്രസിഡന്റ് പദവിയില്‍ എത്തിയതെങ്കിലും പ്രതികൂലമായ രാഷ്ട്രീയ കാലാവസ്ഥകളും ഇസ്ലാമിക തീവ്രവാദത്തെയും അതിജീവിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ നേട്ടമായി നിരീക്ഷകര്‍ വിലയിരുത്തുന്നു.