Skip to main content
കൊച്ചി

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ സിറ്റിംഗ്‌ ജഡ്‌ജിയെ വിട്ടുനല്‍കാനാവില്ലെന്ന് ഹൈക്കോടതി. ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷയായ അഞ്ചംഗ അഡ്മിനിസ്‌ട്രേറ്റീവ് സമിതിയുടെ തീരുമാനം സര്‍ക്കാറിനെ രേഖാമൂലം അറിയിച്ചു.

 

ഹൈക്കോടതിയില്‍ നിലവില്‍ എട്ട്‌ ജഡ്‌ജിമാരുടെ കുറവുണ്ട്‌. സിറ്റിങ് ജഡ്ജിയെ വിട്ടുകൊടുക്കുന്നത് രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ നടക്കുന്ന കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

 

അതേസമയം, സിറ്റിംഗ്‌ ജഡ്‌ജിയെ വിട്ടുകിട്ടാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി ശ്രമിച്ചില്ലെന്ന്‌ പ്രതിപക്ഷം കുറ്റപ്പെടുത്തി. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ഉപരോധ സമരം പിന്‍വലിച്ചത് സിറ്റിങ് ജഡ്ജിയെ കൊണ്ട് ജഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുകയാണ്.

 

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഹൈക്കോടതിയില്‍ നിന്ന്‌ സിറ്റിംഗ്‌ ജഡ്‌ജിയെ വിട്ടുകിട്ടാനുളള സാധ്യത കുറവാണെന്ന്‌ വിലയിരുത്തപ്പെട്ടിരുന്നു. അപൂര്‍വമായി മാത്രമേ ഹൈക്കോടതി സിറ്റിംഗ്‌ ജഡ്‌ജിമാരെ അന്വേഷണങ്ങള്‍ക്ക്‌ വിട്ടുകൊടുക്കാറുളളൂ. മന്ത്രിയായിരിക്കെ നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ ഐ.എ.എസ് ഉദ്യോഗസ്ഥ നളിനെറ്റോ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിനാണ്‌ ഹൈക്കോടതി അവസാനമായി സിറ്റിംഗ്‌ ജഡ്‌ജിയുടെ സേവനം വിട്ടു നല്‍കിയത്‌.