ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിയുടെ സാമ്പത്തിക ഇടപാടുകള്‍ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍. ധോണി ബ്രാന്‍ഡ് അംബാസഡറായ അമ്രപാലി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അനില്‍ ശര്‍മ ധോണിയ്ക്ക് നല്‍കിയ 75 കോടി രൂപയുടെ നാല് ചെക്കുകളാണ് വകുപ്പിന്റെ പരിശോധനയുടെ അടിസ്ഥാനം. 2014-ല്‍ പണമായി മാറ്റാന്‍ കഴിയുന്ന രീതിയില്‍ 2011-12 സാമ്പത്തിക വര്‍ഷത്തിലാണ് ചെക്കുകള്‍ നല്‍കിയത്.
അമ്രപാലി ഗ്രൂപ്പിന്റെ സബ്‌സിഡിയറി കമ്പനി ആയ അമ്രപാലി മഹി ഡെവലപ്പേഴ്സില്‍ ധോണിയുടെ ഭാര്യ സാക്ഷി സിങ്ങ് റാവത്തിന് 25 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലുമുള്ള അമ്രപാലി ഗ്രൂപ്പിന്റെ ഓഫീസുകളില്‍ 2013 ആഗസ്തില്‍ നടന്ന ആദായനികുതി റെയ്ഡിനെ തുടര്‍ന്നാണ് ഈ കമ്പനിയുടെ ഇടപാടുകളുടെ വിശദാംശങ്ങള്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. കമ്പനിയുടെ ഏതാനും ഉദ്യോഗസ്ഥരെ വകുപ്പ് ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ റാഞ്ചി യൂണിറ്റാണ് പരിശോധനയ്ക്ക് നേതൃത്വം വഹിക്കുന്നത്.
ചെക്കുകള്‍ സംബന്ധിച്ച് വ്യത്യസ്ത വിശദീകരണങ്ങളാണ് ധോണിയും അമ്രപാലി ഗ്രൂപ്പും നല്‍കുന്നത്. അമ്രപാലി മഹി ഡെവലപ്പേഴ്സില്‍ നടത്തിയ നിക്ഷേപത്തിന് ഈടായാണ് ചെക്കുകള്‍ നല്‍കിയതെന്ന് ധോണിയുടെ വക്താവ് അറിയിക്കുന്നു. എന്നാല്‍, അമ്രപാലി മഹി ഡെവലപ്പേഴ്സ് റാഞ്ചിയില്‍ തുടങ്ങാനിരിക്കുന്ന ക്രിക്കറ്റ് അക്കാദമിയ്ക്കുള്ള വാഗ്ദാനമായാണ് ചെക്ക് നല്‍കിയതെന്നും ധോണി ചെക്കുകള്‍ ഇതിനകം മടക്കി നല്‍കിയിട്ടുണ്ടെന്നും ഗ്രൂപ്പ് പറയുന്നു.
എന്നാല്‍, അമ്രപാലി മഹി ഡെവലപ്പേഴ്സിന് പകരം എന്തിനാണ് ധോണിയുടെ പേരില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ ശര്‍മ ചെക്ക് നല്‍കിയതെന്ന് കാര്യം ഗ്രൂപ്പ് വിശദീകരിച്ചിട്ടില്ല. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ജെഹനാബാദില്‍ നിന്നുള്ള ജനതാദള്‍ (യു) സ്ഥാനാര്‍ഥി കൂടിയാണ് അനില്‍ ശര്‍മ.
