Skip to main content

ന്യൂഡല്‍ഹി: പാക് ജയിലില്‍ സഹതടവുകാരുടെ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൌരന്‍ സരബ് ജിത്ത് സിങ്ങിന്റെ ശവസംസ്‌കാരം ജന്‍മഗ്രാമമായ ഭികിവിണ്ടില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നടക്കും. ലാഹോറില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ അമൃത്‌സറില്‍ എത്തിച്ച മൃതദേഹം വിമാനത്താവളത്തില്‍ വിദേശകാര്യ സഹമന്ത്രി പ്രണീത് കൗറും പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലും ചേര്‍ന്ന് ഏറ്റുവാങ്ങി. അമൃത്‌സര്‍ മെഡിക്കല്‍ കോളേജില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.

 

ലാഹോറിലെ ജിന്ന ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന സരബ് ജിത്ത് വ്യാഴാഴ്ച 12.45ന് മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന മെഡിക്കല്‍ ബോര്‍ഡിലെ അംഗം അറിയിച്ചു.

 

സരബ് ജിത്തിന്റെ മരണത്തില്‍ പാര്‍ലിമെന്റ് നടുക്കവും രോഷവും രേഖപ്പെടുത്തി. ഇന്ത്യയുടെ ധീര പുത്രനാണ് സരബ് ജിത്തെന്ന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പറഞ്ഞു. സംഭവത്തില്‍ പാകിസ്താന്‍ നീതി കാട്ടിയില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സരബ് ജിത്തിന്റെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാനത്ത് മൂന്ന്‍ ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ച പഞ്ചാബ് സര്‍ക്കാര്‍ കുടുംബത്തിന് ഒരു കോടി രൂപ സഹായധനമായി നല്‍കും.

 

പാര്‍ലിമെന്റ് വധശിക്ഷക്ക് വിധിക്കപ്പെട്ട് ലാഹോറിലെ കോട് ലാഖ്പത് ജയിലില്‍ തടവിലായിരുന്ന 49 കാരനായ സരബ് ജിത്തിനെ വെള്ളിയാഴ്ചയാണ് ആറു തടവുകാര്‍ ചേര്‍ന്ന് മാരകമായി ആക്രമിച്ചത്. ആക്രമണത്തില്‍ സരബ് ജിത്തിന്റെ തലയോട്ടി തകര്‍ന്നിരുന്നു. ഇന്ത്യന്‍ പാര്‍ലിമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സല്‍ ഗുരുവിനെ ഫെബ്രുവരിയില്‍ ഇന്ത്യ തൂക്കിലേറ്റിയതിനു ശേഷം സരബ് ജിത്തിന് ജയിലില്‍ വധഭീഷണി ലഭിച്ചിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഒവൈസ് ഷെയ്ക്ക് വെളിപ്പെടുത്തിയിരുന്നു.

 

1990ല്‍ പഞ്ചാബില്‍ നടന്ന ബോംബ്‌ സ്ഫോടനക്കേസില്‍ പ്രതിയായതു മുതല്‍ പാകിസ്താനില്‍ തടവിലാണ് സരബ് ജിത്ത്. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന സരബ് ജിത്ത് ആളുമാറിയാണ്‌ കേസില്‍ പ്രതിയായതെന്നാണ് കുടുംബത്തിന്റെ വാദം. ഇദ്ദേഹത്തിന്റെ ദയാഹര്‍ജികളെല്ലാം തള്ളിയിരുന്നെങ്കിലും പാകിസ്താനിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം കഴിഞ്ഞ പി.പി.പി. സര്‍ക്കാര്‍ 2008ല്‍ വധശിക്ഷ നടപ്പാക്കുന്നത് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.