രണ്ടാം ലോകമഹായുദ്ധാനന്തരം ആരംഭിച്ച യൂറോപ്യന്‍ ഐക്യശ്രമങ്ങള്‍ക്ക് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയില്‍ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടിഷ് ജനതയുടെ തീരുമാനം. വെള്ളിയാഴ്ച പുറത്തുവന്ന ഹിതപരിശോധനാ ഫലത്തില്‍ 52 ശതമാനം പേരും രാജ്യം യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 48 ശതമാനം പേര്‍ സഖ്യത്തില്‍ തുടരാന്‍ വോട്ട് ചെയ്തു. 72 ശതമാനം പേരാണ് ഹിതപരിശോധനയില്‍ വോട്ട് ചെയ്തത്.
നിലവില്‍ 28 അംഗളുള്ള യൂറോപ്യന്‍ യൂണിയന്‍ വിടുന്ന ആദ്യ പ്രമുഖ രാഷ്ട്രമാണ് ബ്രിട്ടന്‍. ബ്രിട്ടന്‍ ഭാഗമായ വിവിധ വ്യാപാര, വാണിജ്യ കരാറുകളെയും യൂറോപ്യന്‍ രാഷ്ട്രങ്ങളുമായുള്ള ബ്രിട്ടന്റെ രാഷ്ട്രീയ ബന്ധങ്ങളെയും ഈ തീരുമാനം എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്.
പിന്നീട് യൂറോപ്യന്‍ യൂണിയന്‍ ആയി മാറിയ യൂറോപ്യന്‍ എക്കൊണോമിക് കമ്മ്യൂണിറ്റിയില്‍ 1973-ലാണ് ബ്രിട്ടന്‍ അംഗമായത്. അതേസമയം, പൊതുകറന്‍സിയായ യൂറോയിലോ ഷെന്‍ഗന്‍ അതിര്‍ത്തി രഹിത മേഖലയിലോ രാജ്യം ചേര്‍ന്നിരുന്നില്ല.
യൂറോപ്പ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും സിറിയയില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹവുമാണ് സഖ്യം വിടാനുള്ള നീക്കത്തിന് ആക്കം കൂട്ടിയതെന്ന് പറയാം. സാമ്പത്തിക വ്യവസ്ഥയിലും അതിര്‍ത്തി നിയന്ത്രണത്തിലും രാജ്യത്തിന് വേണ്ടത്ര അധികാരം പ്രയോഗിക്കാന്‍ സാധിക്കുന്നില്ല എന്ന തോന്നലാണ് ഹിതപരിശോധനയില്‍ മുന്നില്‍ വന്നിരിക്കുന്നത്.
പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് വ്യക്തിപരമായി തിരിച്ചടിയാകും ഫലം. സ്വന്തം പാര്‍ട്ടിയില്‍ നിന്നടക്കമുള്ള യൂറോവിരുദ്ധരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കാമറൂണ്‍ 2013-ല്‍ ഹിതപരിശോധന പ്രഖ്യാപിച്ചത്. വിവിധ അംഗരാഷ്ട്രങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന തീവ്ര വലതുകക്ഷികളുടെ ആവശ്യത്തിന് ബലം നല്‍കുന്നത് കൂടിയാണ് ഈ ഫലം.
ഇന്ത്യയടക്കം ലോകമാകെയുള്ള ധനകാര്യ വിപണികളില്‍ വെള്ളിയാഴ്ച ഫലം പുറത്തുവന്നതു മുതല്‍ വന്‍ ഇടിവാണ് കാണുന്നത്. ബ്രിട്ടിഷ് കറന്‍സിയായ പൗണ്ട് 31 വര്‍ഷത്തെ താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്.
