Skip to main content
ബാഗ്ദാദ്

തെരഞ്ഞെടുപ്പിന് ശേഷം പാര്‍ലിമെന്റ് ആദ്യമായി ചേരുന്ന ചൊവ്വാഴ്ചയ്ക്ക് മുന്‍പ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഇറാഖിലെ പരമോന്നത ഷിയാ ആത്മീയാചാര്യന്‍ രാഷ്ട്രീയ നേതാക്കളോട് ആഹ്വാനം ചെയ്തു. ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരുന്ന നൌറി അല്‍-മാലിക്കിയ്ക്ക് സ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കാവുന്നതാണ് ഇടപെടല്‍.

 

ali al-sistaniഇറാഖിലും പുറത്തുമുള്ള ഒട്ടേറെ ഷിയാ വിശ്വാസികള്‍ ആത്മീയാചാര്യനായി കണക്കാക്കുന്ന ഗ്രാന്‍ഡ്‌ അയത്തൊള്ള അലി അല്‍-സിസ്താനിയാണ് വെള്ളിയാഴ്ച അടുത്ത പ്രധാനമന്ത്രി, പാര്‍ലിമെന്റ് സ്പീക്കര്‍, പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ചൊവ്വാഴ്ചയ്ക്ക് മുന്‍പ് സമവായമുണ്ടാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടത്. സുന്നി തീവ്രവാദ സംഘടന ഐ.എസ്.ഐ.എസ് ഇറാഖിന്റെ വടക്കന്‍ മേഖലകളുടെ നിയന്ത്രണം കയ്യടക്കിയ പശ്ചാത്തലത്തില്‍ തീവ്രവാദികള്‍ക്കെതിരെ സൈന്യത്തിന് പിന്തുണ നല്‍കാനുള്ള സിസ്താനിയുടെ ആഹ്വാനത്തെ തുടര്‍ന്ന്‍ പതിനായിരക്കണക്കിന് ഷിയാ വിശ്വാസികള്‍ തെരുവില്‍ ഇറങ്ങിയിരുന്നു.

 

പ്രധാനമന്ത്രി സ്ഥാനത്ത് മൂന്നാം വട്ടവും തുടരാന്‍ ഉതകുന്ന രീതിയില്‍ സഖ്യം രൂപീകരിക്കാന്‍ മാലിക്കിയ്ക്ക് കഴിയുമോ എന്ന് അടുത്ത ദിവസങ്ങളില്‍ അറിയാന്‍ കഴിയും. മാലിക്കിയുടെ പാര്‍ട്ടിയാണ് പാര്‍ലിമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും പ്രധാനമന്ത്രിയായി മാലിക്കി തുടരുന്നതില്‍ മറ്റ് ഷിയാ പാര്‍ട്ടികള്‍ക്ക് തന്നേയും അനുകൂല നിലപാടില്ല. ആവശ്യമായ പിന്തുണ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാലിക്കി സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതനായേക്കും.   

 

നേരത്തെ, ബാഗ്ദാദില്‍ ഷിയാ-സുന്നി ഐക്യ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഷിയാ ഭൂരിപക്ഷ സര്‍ക്കാറിനെ നയിക്കുന്ന മാലിക്കി ഇത് തള്ളിയിരുന്നു. ഇറാഖില്‍ സുന്നി വിഭാഗം ജനസംഖ്യയില്‍ ന്യൂനപക്ഷമാണെങ്കിലും വടക്കന്‍ ഭാഗങ്ങളിലും പടിഞ്ഞാറന്‍ ഭാഗങ്ങളിലും ഇവര്‍ക്ക് കാര്യമായ സ്വാധീനമുണ്ട്.

 

സദ്ദാം ഹുസൈനെ പുറത്താക്കിയ ശേഷം ഇറാഖിലെ ഭരണസംവിധാനത്തില്‍ ഔപചാരികമായ പ്രസിഡന്റ് സ്ഥാനത്തേക്ക് ന്യൂനപക്ഷ വിഭാഗമായ കുര്‍ദ് പ്രതിനിധിയേയും പാര്‍ലിമെന്റ് സ്പീക്കര്‍ സ്ഥാനത്തേക്ക് സുന്നി പ്രതിനിധിയേയും പ്രധാനമന്ത്രിയായി ഷിയാ പ്രതിനിധിയേയും തെരഞ്ഞെടുക്കുകയാണ് പതിവ്.