Skip to main content

Zahir Taninയുണൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ അഫ്ഗാനിസ്താന്റെയും പാകിസ്താന്റെയും പ്രതിനിധികള്‍ തമ്മില്‍ രൂക്ഷമായ വാക്തര്‍ക്കം. പാകിസ്താന്റെ മണ്ണില്‍ തീവ്രവാദ അഭയകേന്ദ്രങ്ങള്‍ തുടരുകയും ചില വിഭാഗങ്ങള്‍ തീവ്രവാദം വിദേശനയത്തിന്റെ ഭാഗമായി സ്വീകരിക്കുകയും ചെയ്യുന്നിടത്തോളം അഫ്ഗാനിസ്താനിലോ മേഖലയിലോ സമാധാനം പുലരില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ അഫ്ഗാന്‍ സ്ഥാനപതി സഹീര്‍ തനിന്‍ പറഞ്ഞു.

 

അതിര്‍ത്തി കടന്നുള്ള തീവ്രവാദവും തീവ്രവാദികളുടെ സുരക്ഷാ സങ്കേതങ്ങളും സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു തനിന്‍. പാക് അതിര്‍ത്തിയില്‍ നിന്നുള്ള ഷെല്ലാക്രമണം അഫ്ഗാന്‍ പരമാധികാരത്തിന് നേര്‍ക്കുള്ള ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

 

എന്നാല്‍, അഫ്ഗാന്‍ പ്രതിനിധിയുടെ ആരോപണം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു കൊണ്ടാണ് ഐക്യരാഷ്ട്രസഭയിലെ  പാക് സ്ഥാനപതി മസൂദ് ഖാന്‍ സംസാരിച്ചത്. പാകിസ്താന്‍ ഒറ്റ രാഷ്ട്രമായാണ് പ്രവര്‍ത്തിക്കുന്നത്, വിഭാഗങ്ങള്‍ ആയല്ലെന്ന് സ്ഥാനപതി പറഞ്ഞു. ഇരു രാജ്യങ്ങളുടേയും തുറന്ന അതിര്‍ത്തികള്‍ തീവ്രവാദികള്‍ക്ക് സൗകര്യമായി മാറുകയാണെന്നും യോജിച്ചുള്ള നിരീക്ഷണമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.