Skip to main content

ചലച്ചിത്ര പുരസ്കാരം : സജി ചെറിയാന്റെ പറച്ചിൽ അരാജകത്വത്തെ ക്ഷണിക്കുന്നു

Glint Staff
Mammootty
Glint Staff

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പൊതുവേദിയിൽ പ്രസംഗിച്ചിരിക്കുന്നു, എല്ലാവരുടെയും കയ്യടി വാങ്ങിയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനമെന്ന് ഇക്കുറി നടന്നതെന്ന്. "മമ്മൂട്ടിക്ക് അവാർഡ് കൊടുത്തു, മോഹൻലാലിന് സ്വീകരണം കൊടുത്തു, എന്തിന് വേടനെ പോലും ഞങ്ങൾ സ്വീകരിച്ചു".  സാംസ്കാരിക വകുപ്പ് മന്ത്രി എന്നുള്ളത് പോകട്ടെ, ശരാശരി സാമാന്യ ബുദ്ധിയുള്ള വ്യക്തി ഇങ്ങനെ പറയാൻ പാടുണ്ടോ? 
        സജി ചെറിയാൻ പറഞ്ഞത് അവാർഡ് നിർണയത്തിലെ അശ്ലീലകരമായ സമീപനത്തെക്കുറിച്ചാണ്. ഒരു കലയെ വിലയിരുത്തുമ്പോൾ അതിൽ രാഷ്ട്രീയം പരിഗണന വിഷയമാകുന്നതാണ് അശ്ലീലം.അതായത് ഒരെണ്ണം സ്ഥാനം തെറ്റി പ്രയോഗിക്കപ്പെടുമ്പോൾ സംഭവിക്കുന്നതിനെയാണ് അശ്ലീലം എന്ന് പറയുന്നത്. സംസ്ഥാന സർക്കാർ ഇത്തരത്തിൽ ഒരു അവാർഡ് കൊടുക്കാൻ ആയിരുന്നെങ്കിൽ എന്തിനാണ് വെറുതെ ഒരു സമിതി രൂപീകരിക്കുന്നത്? എന്തിനാണ് ഒരു സമിതി ചെയർമാൻ? ഇങ്ങനെയുള്ള ചിന്തകൾ സാധാരണ ജനങ്ങളിൽ ഉണ്ടാവും എന്നെങ്കിലുമുള്ള ധാരണ നമ്മളെ ഭരിക്കുന്ന ഒരു മന്ത്രിക്ക് കുറഞ്ഞപക്ഷം ഉണ്ടാവേണ്ടതായിരുന്നു. 
    യഥാർത്ഥത്തിൽ ഇത്തരം സംഗതികളൊക്കെയാണ് മിക്കപ്പോഴും നടക്കുന്നതെങ്കിലും, അത് പരസ്യമായി പറയാതിരിക്കാനുള്ള ഔചിത്യം ഇതിനു മുൻപുള്ളവർ കാട്ടിയിട്ടുണ്ട്. അത് കാപട്യം തന്നെ. എന്നാൽ ചില സന്ദർഭങ്ങളിൽ ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇത്തരം കാപട്യങ്ങളും അനിവാര്യമാണ്. കാരണം നാളെ ഒരു സർക്കാർ വന്ന് ന്യായമായ രീതിയിൽ അവാർഡ് നിർണയിക്കുകയാണെങ്കിൽ അതിനും ഇത്തരത്തിൽ ആണെങ്കിൽ വിശ്വാസ്യത ഉണ്ടാകാതെ വരും. ഇങ്ങനെ ചെറിയ ചെറിയ തുള്ളികൾ പോലുള്ള പ്രവർത്തികളിലൂടെയാണ് സർക്കാരിന്റെയും ജനായത്ത സംവിധാനത്തിന്റെയും വിശ്വാസ്യത ജനങ്ങളിൽ ഇല്ലാതാകുന്നത്. ഇങ്ങനെയാണ് ഒടുവിൽ അരാജകത്വം രംഗപ്രവേശം ചെയ്യുന്നത്.